പുരുഷന്മാർ മികച്ച കേൾവിക്കാരാകണമെന്ന് ചലച്ചിത്ര താരം പാർവതി തിരുവോത്ത്
പുരുഷന്മാർ മികച്ച കേൾവിക്കാരാകണമെന്ന് പാർവതി തിരുവോത്ത്. ആർത്തവ സമയത്തും ജോലി സമയത്തും സ്ത്രീകൾ അനുഭവിക്കുന്ന ശാരീരിക, മാനസിക പ്രയാസങ്ങളെ കുറിച്ച് പുരുഷന്മാർ ബോധവാന്മാരാകണം. എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ 1 ലക്ഷം മെൻസ്‌ട്രുവൽ കപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു പാർവതി.
ആർത്തവ ശുചിത്വ രംഗത്ത് വിപ്ലവകരമായ മാറ്റം സംഭവിക്കേണ്ടിയിരിക്കുന്നു. കൂടുതൽ പരിസ്ഥിതി സൗഹാർദപരമായ, ഏത് സാഹചര്യത്തിലും അനായാസേന കൈകാര്യം ചെയ്യാവുന്ന നൂതന മാർഗങ്ങൾ ഈ രംഗത്ത് നടപ്പിലാക്കേണ്ടതുണ്ട്. അത്തരം കൂട്ടായ ചിന്തകളുടെ തുടക്കം മാത്രമാണ് ഈ പദ്ധതി. ഐ എം എ കൊച്ചിനും ഗ്രീൻ കൊച്ചിൻ മിഷനും എറണാകുളത്തെ സന്നദ്ധ സംഘടനകളുമെല്ലാം ചേർന്നൊരുക്കുന്ന പദ്ധതി പുതിയ ചരിത്രം എഴുതി ചേർക്കുമെന്ന പ്രതീക്ഷയുണ്ടെന്നും പാർവതി പറഞ്ഞു.