ആര്‍ത്തവ വേദന അനുഭവിച്ച് പുരുഷൻമാർ; വേദന താങ്ങാനാവാതെ പിൻമാറൽ

കൊച്ചി: ആർത്തവ സമയത്ത് വേദനിക്കുന്നുവെന്ന് അമ്മയും സഹോദരിയും പറയുമ്പോൾ‌, വേദനയാണ് എന്ന് മനസ്സിലാകുന്നുണ്ടായിരുന്നു. എന്നാൽ അത് എത്രത്തോളമെന്ന് തിരിച്ചറിഞ്ഞത് ഇന്ന് മാത്രമാണ് - യൂട്യൂബ് ഇൻഫ്ലുവെൻസർ ശരൺ നായർ പറയുന്നു. ആർത്തവ സമയത്ത് സ്ത്രീകൾ കടന്നുപോകുന്ന വേദന ഒരു സിമുലേറ്ററിൽ കൂടി അനുഭവിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ശരൺ. ഹൈബി ഈഡൻ എം പി യുടെ കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ ഭാഗമായി ലുലു മാളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് സിമുലേറ്റർ ഉപയോഗിച്ച് ആർത്തവ വേദന അനുഭവിക്കാൻ പുരുഷൻമാർക്ക് അവസരമൊരുക്കിയത്. പങ്കെടുത്തവരിൽ ഭൂരിഭാഗവും യുവാക്കളായിരുന്നു. 80 ശതമാനവും സിമുലേറ്ററിലൂടെ പൂർണ്ണ വേദന അനുഭവിക്കും മുമ്പേ പരീക്ഷണം അവസാനിപ്പിച്ചു. മെഡിക്കൽ വിദ്യാർത്ഥിയും ഇടപ്പള്ളി സ്വദേശിയുമായ ഫഹീം റഷ്മീദ് സിമുലേറ്റർ ഘടിപ്പിച്ച സമയം മുതൽ അസ്വസ്ഥനായിരുന്നു. 'എന്‍റെ സുഹൃത്തുക്കൾ ബുദ്ധിമുട്ടുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, പക്ഷേ ഇത് ഇത്രയും മോശം അനുഭവമായിരിക്കുമെന്ന് അറിയില്ല. വയറിലും ശരീരത്തിലും പേശികളിലും അനുഭവപ്പെടുന്ന വേദന സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇത് വീണ്ടും പരീക്ഷിക്കാൻ പേടിയാണ്. ആർത്തവം എന്താണെന്നതിന്‍റെ യഥാർഥ രൂപം ഇപ്പോൾ മാത്രമാണ് മനസ്സിലാകുന്നത്' ഫഹീം പറഞ്ഞു. എന്നിരുന്നാലും, സ്ത്രീകൾ അനുഭവിക്കുന്ന യഥാർഥ വേദനയുടെ മൂന്നിൽ‌ ഒന്നുപോലും സിമുലേറ്ററിലെ സംവേദനത്തിലൂടെ താങ്ങാൻ പുരുഷന്മാർക്ക് സാധിക്കുന്നില്ല എന്ന് ഹൈബിയുടെ സോഷ്യൽ എക്സിപിരിമെന്റായ കപ്പ് ഓഫ് ലൈഫിലൂടെ തെളിഞ്ഞു. 'കാലുകൾ തനിയെ ഉയരുന്നതുപോലെയാണ് വേദന അനുഭവപ്പെട്ടത്. വയറിന്റെ ഭാ​ഗത്തെല്ലാം വിവരിക്കാൻ പറ്റാത്ത അസ്വസ്ഥതയായിരുന്നു' ലോജിസ്റ്റിക്സ് വിദ്യാർത്ഥിയായ മസർ ഹുസൈൻ പറഞ്ഞു.

Related Posts