അനുശോചന പ്രവാഹം

ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. റാവത്തിന്റെ കുടുംബത്തെയും അപകടത്തിൽ മരിച്ച മറ്റുള്ളവരുടെ കുടുംബങ്ങളെയും അഗാധമായ അനുശോചനം അറിയിക്കുന്നതായി യു എസ് എംബസി അറിയിച്ചു. ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവി എന്ന നിലയിൽ ജനറൽ ബിപിൻ റാവത്ത് ഇന്ത്യൻ സൈന്യത്തിൻ്റെ ചരിത്രപരമായ പരിവർത്തനത്തിന് നേതൃത്വം നൽകി. അമേരിക്കൻ സൈന്യവുമായുള്ള ഇന്ത്യയുടെ പ്രതിരോധ സഹകരണത്തിന് മേൽനോട്ടം വഹിച്ചിരുന്ന ജനറൽ റാവത്ത് അമേരിക്കയുടെ ശക്തനായ സുഹൃത്തും പങ്കാളിയുമായിരുന്നു. ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൺ വെയ്‌ഡോംഗ് അറിയിച്ചു.

ഹെലികോപ്റ്റർ അപകടത്തെക്കുറിച്ചുള്ള വാർത്ത വേദനാജനകമാണെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടെ ഷെറിംഗ് പറഞ്ഞു. ഭൂട്ടാനിലെ ജനങ്ങൾക്കൊപ്പം താനും അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കായി പ്രാർഥനകൾ അർപ്പിക്കുന്നു. ദുരന്തത്തിലൂടെ കടന്നുപോകാൻ അവർ ശക്തി കണ്ടെത്തട്ടെ എന്നും സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. ജനറൽ റാവത്തിന്റെയും ഭാര്യയുടെയും മറ്റ് പ്രതിരോധ ഉദ്യോഗസ്ഥരുടെയും ദാരുണമായ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്ന് നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ പറഞ്ഞു. ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്‌സ് എല്ലിസ് ജനറൽ റാവത്തിന്റെ വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി. ബുദ്ധിമാനും ധീരനുമായ സൈനികനായിരുന്നു ബിപിൻ റാവത്തെന്ന് സന്ദേശത്തിൽ പറയുന്നു.

വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞ ജനറൽ ബിപിൻ റാവത്തിന്റെയും മധുലിക റാവത്തിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും അകാല വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി ഇന്ത്യയിലെ റഷ്യൻ പ്രതിനിധി നിക്കോളായ് കുദാഷേവ് പറഞ്ഞു. ഇന്ത്യയ്ക്ക് അതിന്റെ മഹാനായ ദേശസ്‌നേഹിയെയും അർപ്പണബോധമുള്ള നായകനെയും നഷ്ടമായിരിക്കുന്നു. ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടമായ സംയുക്ത സേനാ മേധാവിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി

ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈമ്മീഷണർ ബാരി ഒ ഫാരെൽ അറിയിച്ചു. ജനറൽ റാവത്തിന്റെ കാലത്ത് ഓസ്ട്രേലിയ-ഇന്ത്യ ബന്ധം അഭിവൃദ്ധിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിഡിഎസ് ജനറലിൻ്റെയും ഭാര്യയുടെയും മറ്റ് നിരവധി പ്രതിരോധ ഉദ്യോഗസ്ഥരുടെയും ദാരുണമായ വിയോഗത്തിൽ അഗാധമായ ദു:ഖമുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങളോടും ഇന്ത്യൻ സായുധ സേനയോടും അനുശോചനം രേഖപ്പെടുത്തുന്നതായും

ഇന്ത്യയിലെ ഫ്രഞ്ച് പ്രതിനിധി ഇമ്മാനുവൽ ലെനൈൻ ട്വീറ്റ് ചെയ്തു.

Related Posts