മെസ്സിയും റൊണാൾഡോയും നേർക്കുനേർ; ലേലത്തിൽ വിഐപി ടിക്കറ്റ് വിറ്റത് 22 കോടിക്ക്
റിയാദ്: സൗദി അറേബ്യ ഓൾ സ്റ്റാർ ഇലവനും ഫ്രഞ്ച് ക്ലബ് പിഎസ്ജിയും തമ്മിലുള്ള മത്സരം കാണാനുള്ള വിഐപി ടിക്കറ്റ് ലേലത്തിൽ വിറ്റത് 2.2 ദശലക്ഷം പൗണ്ടിന് (ഏകദേശം 22 കോടി രൂപ). ഫുട്ബോൾ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കുനേർ വരുന്നു എന്നതാണ് പോരാട്ടത്തിന്‍റെ പ്രത്യേകത. ഒരു ഫുട്ബോൾ മത്സരത്തിനുള്ള ടിക്കറ്റിനായി ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. സൗദി അറേബ്യയിലെ ബിസിനസുകാരനായ മുഷറഫ് ബിൻ അഹമ്മദ് അൽ ഗാംദിയാണ് കോടികൾ ചെലവഴിച്ച് ടിക്കറ്റ് സ്വന്തമാക്കിയത്. ജനുവരി 19നു നടക്കുന്ന സൗദി ഓൾ സ്റ്റാർ ഇലവൻ-പിഎസ്ജി മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്യാപ്റ്റനായി എത്തുമെന്നാണ് പ്രതീക്ഷ. സൗദി ക്ലബ്ബുകളായ അൽ നസർ, അൽ ഹിലാൽ എന്നിവർ സൗദി ഓൾ സ്റ്റാറിനായി കളിക്കും. കഴിഞ്ഞ നാലിന് ക്ലബില്‍ അവതരിപ്പിച്ച ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റ മത്സരം കൂടിയാകും ഇത്. മത്സരത്തിന്‍റെ ക്യാപ്റ്റന്‍റെ ആം ബാൻഡ് ധരിച്ച താരത്തിന്‍റെ വീഡിയോ ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 2020 ഡിസംബറിലാണ് മെസ്സിയും ക്രിസ്റ്റ്യാനോയും അവസാനമായി കണ്ടുമുട്ടിയത്. ബാഴ്സലോണയും യുവന്‍റസും തമ്മിലുള്ള മത്സരത്തിൽ യുവന്‍റസ് മൂന്ന് ഗോളുകൾക്ക് വിജയിച്ചു. ഏറെ നാളുകൾക്ക് ശേഷം ഇരു താരങ്ങളും തമ്മിലുള്ള മത്സരം നിർണായകമാകും. സൗദി അറേബ്യയിലെ റിയാദിലാണ് മത്സരം നടക്കുന്നത്.