കൊവിഡ് വ്യാപനത്തെ തുടർന്ന് 53 ദിവസം നിർത്തിയ സർവീസ് ആണ് പുനരാരംഭിച്ചത്.
നിർത്തിയ കൊച്ചി മെട്രോ സർവീസ് വീണ്ടും തുടങ്ങി.

കൊച്ചി:
കൊവിഡ് വ്യാപനത്തെ തുടർന്ന് 53 ദിവസം നിർത്തിയ കൊച്ചി മെട്രോ വീണ്ടും സർവീസ് തുടങ്ങി. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് സർവീസ്. വ്യാഴാഴ്‌ച പകൽ 11 വരെ രണ്ടായിരത്തോളം യാത്രക്കാരാണ് മെട്രോയിൽ യാത്ര ചെയ്‌തത്. വൈകിട്ട് അഞ്ചായപ്പോൾ യാത്രികൾ ആറായിരത്തിലെത്തി. ആദ്യ ദിനത്തിൽ ആദ്യ മണിക്കൂറുകളിലെ യാത്രികരുടെ തിരക്ക് പകൽ മുഴുവൻ ഉണ്ടായില്ലെങ്കിലും വരും ദിവസങ്ങളിൽ പൂർവസ്ഥിതിയിലെത്തുമെന്നാണ് പ്രതീക്ഷ. മെട്രോ കാർഡുള്ള പതിവ് യാത്രക്കാരായിരുന്നു ഏറെയും. കാർഡ് ഉപയോഗിച്ചുള്ള യാത്രക്കാരുടെ എണ്ണം ടിക്കറ്റെടുത്തുള്ള യാത്രികരേക്കാൾ വർധിച്ചിട്ടുമുണ്ട്. ഓഫീസുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തനം പൂർണതോതിൽ ആരംഭിക്കുന്നതോടെ മാത്രമേ മെട്രോയെ ആശ്രയിച്ചുള്ള യാത്ര പൂർവസ്ഥിതിയിലാകൂ.
കൊവിഡ് വ്യാപനം തടയുന്നതിന് കർശന മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസുകൾ. അകലം പാലിക്കുന്നതരത്തിൽ സീറ്റുകളിൽ ക്രമീകരണമുണ്ട്. യാത്രക്കാർക്കായി സാനിറ്റൈസറുകളും താപമാപിനിയും പ്രധാന സ്റ്റേഷനുകളിൽ തെർമൽ ക്യാമറയും ഒരുക്കിയിട്ടുണ്ട്. രാവിലെ ഫോഗിങ്ങിനു ശേഷമാണ് സർവീസ് ആരംഭിച്ചത്. ട്രെയിനുകൾ കഴുകി വൃത്തിയാക്കിയാണ് സർവീസ് അവസാനിപ്പിച്ചത്. സ്‌റ്റേഷനുകളിലും ട്രെയിനുകളിലും മെട്രോ സ്‌റ്റാഫിന്റെ നേതൃത്വത്തിൽ പരിശോധനയുമുണ്ടായിരുന്നു. എന്നാൽ, കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച കേസുകളൊന്നും കണ്ടെത്തിയില്ലെന്ന് അധികൃതർ പറഞ്ഞു. ആലുവ സ്‌റ്റേഷനിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള പ്രത്യേക ബസ് സർവീസുകളും വ്യാഴാഴ്‌ച പുനരാരംഭിച്ചു.
ഒന്നാം തരംഗത്തിലെ ലോക്ക്‌ഡൗൺ സമയത്തും മെട്രോ സർവീസ് നിർത്തിയിരുന്നു. 2020 മാർച്ച് 23ന് നിർത്തിയ സർവീസ് അഞ്ചുമാസത്തിനുശേഷം സെപ്‌തംബർ ഏഴിനാണ് പുനരാരംഭിച്ചത്.