വാതുക്കല് വെള്ളരിപ്രാവ്, വാക്കുകൊണ്ട് മുട്ടണ് കേട്ട്; ലൂക്കായെ താലോലിക്കാൻ പാട്ടുപാടി മിയ
മകൻ ലൂക്കായെ കൊഞ്ചിക്കാൻ മനോഹരമായ ഗാനം ആലപിച്ച് മലയാളികളുടെ പ്രിയ താരം മിയ ജോർജ്. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ "വാതുക്കല് വെള്ളരിപ്രാവ്, വാക്ക് കൊണ്ട് മുട്ടണ കേട്ട്, തുള്ളിയാമെന്നുള്ളില് വന്ന്, നീയാം കടല്, പ്രിയനേ! നീയാം കടല് !!" എന്ന മനോഹരമായ ഗാനമാണ് മകൻ ലൂക്കായ്ക്കായി മിയ ആലപിച്ചത്. അമ്മ പാടുമ്പോൾ ആ താളത്തിൽ ലയിച്ച് പുഞ്ചിരി പൊഴിച്ചിരിക്കുന്ന കുഞ്ഞിനെയും വീഡിയോയിൽ കാണാം.
ബി കെ ഹരിനാരായണനും ഷാഫി കൊല്ലവും ചേർന്ന് രചിച്ച ഗാനം പീലു രാഗത്തിലാണ് സംഗീത സംവിധായകനായ എം ജയചന്ദ്രൻ ചിട്ടപ്പെടുത്തിയിരിക്കുന്നത്. നിത്യ മാമ്മന് മികച്ച ഗായികയ്ക്കുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ചത് ഈ ഗാനത്തിൻ്റെ ആലാപനത്തിനാണ്.
ശ്വേതാ മേനോൻ, ഗായിക ജ്യോത്സ്ന, അനു സിതാര, ശ്രിന്ദ, അതിഥി ബാലൻ, ശിവദ, പാരിസ് ലക്ഷ്മി, ലക്ഷ്മി നക്ഷത്ര തുടങ്ങി ഒട്ടേറെ പേർ ലൂക്കായ്ക്കും അമ്മയ്ക്കും ആശംസകൾ അർപ്പിച്ച് പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിൽ നിന്ന് മലയാള സിനിമാ രംഗത്തേക്ക് കടന്നുവന്ന താരമാണ് മിയ ജോർജ്. ചേട്ടായീസ്, മെമ്മറീസ്, അനാർക്കലി, പാവാട, ദി ഗ്രേറ്റ് ഫാദർ, ഷെർലക്ക് ടോംസ്, എൻ്റെ മെഴുതിരി അത്താഴങ്ങൾ, ഡ്രൈവിങ്ങ് ലൈസൻസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2020 സെപ്റ്റംബറിലാണ് സംരംഭകനായ അശ്വിൻ ഫിലിപ്പുമായുള്ള വിവാഹം നടക്കുന്നത്. ഈ വർഷം ജൂലായിലാണ് മകൻ ലൂക്ക പിറക്കുന്നത്.