ട്വിറ്റര്‍ ബ്ലൂവിന്റെ റീലോഞ്ചിന് തൊട്ടുമുന്‍പ് ട്വിറ്റര്‍ 'ഡൗണായി'
ന്യൂഡല്‍ഹി: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്‍റെ പ്രവർത്തനം ആഗോളതലത്തിൽ തടസ്സപ്പെട്ടു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾ ഇതുമൂലം ബുദ്ധിമുട്ടുകൾ നേരിടുന്നതായി പരാതി ഉയർന്നു. ഭൂരിഭാഗം ഉപയോക്താക്കൾക്കും പേജ് ലോഡ് ചെയ്യുന്നതിൽ പ്രശ്നങ്ങളുണ്ടായിരുന്നു. 'സംതിങ് വെന്റ് റോങ്, ട്രൈ റീലോഡിംഗ്' എന്ന സന്ദേശമാണ് ഉപയോക്താക്കള്‍ക്ക് കാണാനായത്. ഞായറാഴ്ച വൈകുന്നേരം 7 മണി വരെ, ഇന്ത്യയിൽ മാത്രം 2,838 പ്രവർത്തന തകരാറുകൾ ഡൗൺഡിറ്റെക്ടറിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ട്വിറ്ററിന്‍റെ മൊബൈൽ ആപ്ലിക്കേഷനും ഡെസ്ക്ടോപ്പ് പതിപ്പും തടസ്സപ്പെട്ടു. ട്വിറ്ററിന്‍റെ പ്രവർത്തനം നിലച്ചതിന്‍റെ കാരണം അജ്ഞാതമാണ്. എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രവർത്തനങ്ങൾ താറുമാറാകുന്നത്. നവംബർ നാലിന് ട്വിറ്റർ ഏതാനും മണിക്കൂറുകൾ ഡൗണായിരുന്നു. എന്നാൽ ഡെസ്ക്ടോപ്പ് പതിപ്പിന് മാത്രമായിരുന്നു ആ സമയത്ത് പ്രശ്നം. പ്രവർത്തനം തടസ്സപ്പെട്ടതോടെ ഉപയോക്താക്കൾ രസകരമായ പോസ്റ്റുകളുമായി സോഷ്യൽ മീഡിയ ഏറ്റെടുത്തു. മസ്ക് ട്വിറ്റർ ഉപയോക്താക്കൾക്കായി 'ട്വിറ്റർ ബ്ലൂ' തിരികെ കൊണ്ടുവരാൻ ഒരുങ്ങുമ്പോൾ പ്രവർത്തന തടസ്സം ഉണ്ടായി എന്നത് ശ്രദ്ധേയമാണ്. ആപ്പിൾ ഉപയോക്താക്കൾക്ക് അധിക തുകയ്ക്കാണ് ട്വിറ്റർ ഈ സേവനം ലഭ്യമാക്കുന്നത്. ഡിസംബർ 12 നാണ് ട്വിറ്റർ ബ്ലൂ തിരിച്ചെത്തുക. സബ്സ്ക്രിപ്ഷൻ സേവനത്തിലൂടെ, ഉപയോക്താക്കൾക്ക് വീഡിയോകൾ പോസ്റ്റുചെയ്യാനും ട്വീറ്റുകൾ എഡിറ്റുചെയ്യാനുമുള്ള സൗകര്യം, ബ്ലൂ ടിക്ക് തുടങ്ങി നിരവധി ഫീച്ചറുകൾ ലഭിക്കും.