മൈക്രോഫോൺ ചതിച്ചു; ജോ ബൈഡൻ മാധ്യമ പ്രവർത്തകനെ തെറി വിളിച്ചത് സകലരും കേൾക്കെ
വൈറ്റ് ഹൗസിലെ പത്ര സമ്മേളനത്തിനിടെ ഹിമാലയൻ അബദ്ധം പിണഞ്ഞ് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. മൈക്രോ ഫോൺ ഓഫ് ചെയ്തു എന്ന തെറ്റായ ധാരണയിൽ ഫോക്സ് ന്യൂസ് റിപ്പോർട്ടറെ അവഹേളിക്കുന്ന തരത്തിൽ സംസാരിച്ചതാണ് പ്രസിഡണ്ടിന് വിനയായത്.
പത്ര സമ്മേളനം അവസാനിപ്പിച്ച് റിപ്പോർട്ടർമാർ മുറിവിട്ട് പുറത്തേക്ക് പോകുന്നതിന് ഇടയിലാണ് ഫോക്സ് ന്യൂസിലെ മാധ്യമ പ്രവർത്തകൻ പ്രസിഡണ്ടിനോട് പണപ്പെരുപ്പം ഒരു രാഷ്ട്രീയ ബാധ്യതയല്ലേ എന്ന ചോദ്യം ചോദിക്കുന്നത്. മൈക്രോ ഫോൺ ഓഫ് ചെയ്തു എന്ന തെറ്റിദ്ധാരണയിലാണ് ബൈഡൻ അതിന് മറുപടി പറഞ്ഞത്. "അതൊരു വലിയ ആസ്തിയാണ്. കൂടുതൽ പണപ്പെരുപ്പം" എന്ന് ആക്ഷേപഹാസ്യ രൂപത്തിൽ പറഞ്ഞ പ്രസിഡണ്ട് "വാട്ട് എ സൺ ഓഫ് എ ബിച്ച് " എന്ന് പിറുപിറുക്കുകയായിരുന്നു.
കൺസർവേറ്റീവുകളുടെ പ്രിയപ്പെട്ട ചാനലാണ് ഫോക്സ് ന്യൂസ്. പ്രമുഖ റിപ്പോർട്ടർ പീറ്റർ ഡൂസിയാണ് ബൈഡൻ്റെ അവഹേളനത്തിന് ഇരയായത്. സംഭവം വിവാദമായതോടെ ഒരു മണിക്കൂറിനുള്ളിൽ പ്രസിഡണ്ട് തന്നെ വിളിച്ചതായും താൻ ഉപയോഗിച്ച വാക്കുകൾ വ്യക്തിപരമായി എടുക്കരുതെന്ന് അഭ്യർഥിച്ചതായും ചാനലിലൂടെ പീറ്റർ ഡൂസി വെളിപ്പെടുത്തി.