പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡിജിറ്റൽ ഇന്ത്യ ഉൾപ്പെടെ രാജ്യത്തിൻ്റെ ഡിജിറ്റൽ പരിവർത്തനത്തിനുള്ള പദ്ധതികൾ ഇരുവരും ചർച്ച ചെയ്തു. ലോകത്തെ മാറ്റിമറിക്കാൻ കഴിയുന്ന ആശയങ്ങളാണ് ഇന്ത്യൻ യുവാക്കളുടേതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സന്തോഷം പങ്കുവെച്ചുകൊണ്ട് മോദി ട്വീറ്റ് ചെയ്തു. സാങ്കേതികവിദ്യയിലും നൂതനാശയങ്ങളിലും ഇന്ത്യയുടെ പുരോഗതി രാജ്യത്തെ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള വളർച്ചയുടെ യുഗത്തിലേക്ക് കൊണ്ടുപോവുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഡിജിറ്റൽ പരിവർത്തനത്താൽ നയിക്കപ്പെടുന്ന സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സാമ്പത്തിക വളർച്ചയിൽ സർക്കാരിന്റെ ശ്രദ്ധ പ്രചോദനാത്മകമാണെന്ന് നദെല്ല ട്വീറ്റ് ചെയ്തു. ലോകത്തിന്‍റെ വെളിച്ചമായി മാറാൻ, ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാട് സാധ്യമാക്കാനായി രാജ്യത്തെ സഹായിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

Related Posts