120 ദിനാറിൽ താഴെ ശമ്പളം ഉണ്ടായിരുന്ന കൊവിഡ് ഇരകളായി മരണമടഞ്ഞ ഗാർഹിക തൊഴിലാളികൾക്ക് ആനുകൂല്യം.
ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജിന് കുവൈറ്റ് പ്രവാസി സമൂഹത്തിന്റെ അഭിനന്ദന പ്രവാഹം.
കുവൈറ്റ് സിറ്റി : കുവൈറ്റിൽ കൊവിഡ് ബാധിച്ച് മരണമടഞ്ഞ നിർധനരായ ഗാർഹിക തൊഴിലാളികളുടെ കുടുംബാങ്ങങ്ങൾക്ക് ഒരു ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ച ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജിന് കുവൈറ്റ് പ്രവാസി സമൂഹത്തിന്റെ അഭിനന്ദന പ്രവാഹം. ഇന്ന് ഇന്ത്യൻ എംബസിയിൽ നടന്ന ഓപ്പൺ ഹൗസിലാണ് സ്ഥാനപതി ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത്.
120 ദിനാറിൽ താഴെ ശമ്പളം ഉണ്ടായിരുന്ന കൊവിഡ് ഇരകളായി മരണമടഞ്ഞ ഗാർഹിക തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭ്യമാകുക. ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണു പദ്ധതി നടപ്പിലാക്കുക. പ്രഖ്യാപനം പുറത്തുവന്നതോടെ സോഷ്യൽ മീഡിയകളിൽ സ്ഥാനപതിയെ അഭിനന്ദിച്ചു കൊണ്ട് നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. കല ആർട്ട് കുവൈറ്റ്, ഐ സി സി കുവൈറ്റ്, കെ കെ എം എ കുവൈറ്റ്, കെ ഐ ജി കുവൈറ്റ്, വെൽഫെയർ കേരള കുവൈറ്റ് മുതലായ കുവൈറ്റിലെ നിരവധി പ്രമുഖ സംഘടനകൾ സ്വാഗതം ചെയ്തു. ചരിത്രപരമായ തീരുമാനത്തിന് മുൻ കയ്യെടുത്ത സ്ഥാനപതിയെ പ്രത്യേകം അഭിനന്ദിക്കുന്നതായും സംഘടനകൾ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.