സൈനിക ഹെലികോപ്റ്റർ ദുരന്തം; പ്രതിരോധമന്ത്രിയുടെ പ്രസ്താവന ഇന്ന് പാർലമെൻ്റിൽ

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ സൈനിക ഹെലികോപ്റ്റർ അപകടത്തെ കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് ഇന്ന് പാർലമെന്റിന്റെ ഇരുസഭകളെയും ധരിപ്പിക്കും. വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളെജിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടയിലാണ് റാവത്തും ഭാര്യയും സ്റ്റാഫുമുൾപ്പെടെ സഞ്ചരിച്ച എംഐ17 വി5 അത്യാധുനിക ഹെലികോപ്റ്റർ അപകടത്തിൽ പെട്ടത്. വെല്ലിംഗ്ടണിലെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പ് കൂനൂരിന് സമീപമാണ് ഹെലികോപ്റ്റർ തകർന്നത്. ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവിയായിരുന്നു ജനറൽ ബിപിൻ റാവത്ത്.

ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം വ്യാഴാഴ്ച വൈകുന്നേരത്തോടെ സൈനിക വിമാനത്തിൽ ഡൽഹിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മരണാനന്തരചടങ്ങുകൾ വെള്ളിയാഴ്ച ഡൽഹി കന്റോൺമെന്റിൽ നടക്കും. അന്തിമോപചാരം അർപ്പിക്കാൻ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ അവസരമുണ്ട്. തുടർന്ന് ശവസംസ്കാര ഘോഷയാത്ര കാമരാജ് മാർഗിൽ നിന്ന് ബ്രാർ സ്ക്വയർ ശ്മശാനത്തിലേക്ക് ആരംഭിക്കും.

Related Posts