അരിക്കലത്തിലും കുക്കറിലും ലക്ഷങ്ങൾ; മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ പിടിയിൽ
കോട്ടയം: ടയർ ഫാക്‌ടറി ഉടമയിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി) ഉദ്യോഗസ്ഥൻ എ എം ഹാരിസ് ആണ് പിടിയിലായത്. പ്രവിത്താനം പി ജെ ടയേഴ്‌സ് ഉടമ ജോബിൻ സെബാസ്‌റ്റ്യനോട് കൈക്കൂലിയുമായി ബുധൻ പകൽ 11ന് ഓഫീസിലെത്താൻ ഹാരിസ് ആവശ്യപ്പെട്ട വിവരം ഉടമ വിജിലൻസിനെ അറിയിച്ചതിനെ തുടർന്നാണ് നടപടി. ഇദ്ദേഹത്തെ വ്യാഴാഴ്‌ച തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ഹാരിസിന്റെ ആലുവയിലെ ഫ്ലാറ്റില്‍ രാത്രി 12 മണി വരെ നീണ്ടു നിന്ന പരിശോധനയിൽ പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചന്‍ കാബിനറ്റിലും സൂക്ഷിച്ച 17 ലക്ഷം രൂപയും സംഘം കണ്ടെത്തി. ഫ്ലാറ്റിന്റെ മൂല്യം 80 ലക്ഷം രൂപയാണ്. കൂടാതെ രണ്ടുലക്ഷത്തിന്റെ ടെലിവിഷനും, ഒന്നരലക്ഷത്തിന്റെ മ്യൂസിക് സിസ്റ്റവും കണ്ടെത്തി. എ എം ഹാരിസിന് ബാങ്ക് നിക്ഷേപം 18 ലക്ഷം രൂപയുണ്ടെന്നും പത്തിലേറെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി രേഖകൾ ലഭിച്ചെന്നും വിജിലൻസ് അറിയിച്ചു.