മിൽമ പാൽ, പാൽ ഉൽപ്പന്നങ്ങളുടെ വില വർധന നിലവിൽ വന്നു; വർധന ലിറ്ററിന് 6 രൂപ
തിരുവനന്തപുരം: മിൽമ പാൽ, പാൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ വില വർധന നിലവിൽ വന്നു. പാലിന്‍റെ വില ലിറ്ററിന് 6 രൂപ വർധിച്ചു. അര ലിറ്റർ തൈരിന്റെ പുതിയ വില 35 രൂപയാണ്. ക്ഷീരകർഷകരുടെ നഷ്ടം നികത്താൻ ഒരു ലിറ്റർ പാലിന് 8.57 രൂപ കൂട്ടണമെന്ന് മിൽമ ആവശ്യപ്പെട്ടിരുന്നെങ്കിലും 6 രൂപയുടെ വർധനയ്ക്കാണ് സർക്കാർ അനുമതി നൽകിയത്. 2019 സെപ്റ്റംബറിലാണ് മിൽമ പാൽ വില അവസാനമായി കൂട്ടിയത്. മിൽമ ഈ വർഷം ജൂലൈയിൽ പാൽ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചിരുന്നു. ടോൺഡ് മിൽക്ക് (ഇളം നീല കവർ) പഴയ വില 22 രൂപയും പുതിയ വില 25 രൂപയുമാണ്. ഹോമോജീനൈസ്ഡ് ടോൺഡ് മിൽക്ക് (കടും നീല കവർ) പഴയ വില 23 ഉം പുതിയ വില 26 ഉം ആണ്.