പാൽ വില കൂട്ടുമെന്ന് മില്‍മ; സംസ്ഥാനത്ത് അടുത്ത മാസം മുതല്‍ പുതിയ വില
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്‍റെ വില ഉയരും. പാലിന്‍റെ വില വർദ്ധിപ്പിക്കുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. അടുത്ത മാസം അവസാനത്തോടെ ലിറ്ററിന് 4-5 രൂപ വരെ വർദ്ധിക്കാനാണ് സാധ്യത. മിൽമ പാൽ ലിറ്ററിന് 5 രൂപയിൽ കൂടുതൽ വർദ്ധിപ്പിക്കേണ്ടി വരുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിലവർദ്ധനവിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ക്ഷീരകർഷകരും വിദഗ്ദ്ധരും അടങ്ങുന്ന സമിതിയുടെ റിപ്പോർട്ട് സമർപ്പിച്ച ശേഷമായിരിക്കും തീരുമാനം. 2019 ലാണ് മുൻപ് മിൽമ പാലിന്‍റെ വില വർദ്ധിപ്പിച്ചത്. അന്ന് ലിറ്ററിന് നാല് രൂപ വർദ്ധിപ്പിച്ചപ്പോൾ ക്ഷീരകർഷകർക്ക് 3.35 രൂപ നൽകി. വീണ്ടും വില വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടിലാണ് കർഷകർ. വില വർദ്ധനവിനായി മിൽമയും സർക്കാരിനോട് അനുമതി തേടിയിരുന്നു. മഞ്ഞ കളർ കവറിന്‍റെയും ഇളം നീല കവറിന്‍റെയും നിലവിലെ വില 44 രൂപയാണ്. കടും നീല കവറിന് ലിറ്ററിന് 46 രൂപയാണ് വില. കാവി, പച്ച നിറത്തിലുള്ള കവറുകളിലെ ഉയർന്ന കൊഴുപ്പുള്ള പാലിന്‍റെ വില നിലവിൽ 48 രൂപയാണ്. കാലിത്തീറ്റ വില വർദ്ധനവ് ഉൾപ്പെടെ കർഷകർക്ക് ഉണ്ടായ നഷ്ടം നികത്താൻ സർക്കാർ 28 കോടി രൂപ ഇൻസെന്‍റീവ് അനുവദിച്ചിരുന്നു. ജൂലൈയിൽ ആരംഭിച്ച ഇൻസെന്‍റീവ് ഡിസംബറിൽ അവസാനിക്കും. അതിനു ശേഷവും പ്രതിസന്ധി തുടരുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പാൽ വില വർദ്ധനവ്. കാലിത്തീറ്റയുടെ വിലക്കയറ്റം ഉൾപ്പെടെയുള്ള ഉൽപ്പാദനച്ചെലവ് താങ്ങാൻ കഴിയുന്നില്ലെന്ന് ക്ഷീരകർഷകർ പറയുന്നു. പാൽ വില ഉയർത്തുന്നത് ആശ്വാസമാകുമെന്നാണ് കർഷകർ പറയുന്നത്.