ഇന്നസെന്റ് പോയില്ലെന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്: മോഹൻലാൽ
കൊച്ചി : ഇന്നസെന്‍റിന്‍റെ വിയോഗത്തിന്‍റെ ദുഃഖം പങ്കുവച്ച് നടൻ മോഹൻലാൽ. ഇന്നസെന്‍റിന്‍റെ വേർപാട് വാക്കുകളിൽ വിവരിക്കാൻ അറിയില്ലെന്നും പോയില്ലെന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നതെന്നും മോഹൻലാൽ. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവുമെന്നും അദ്ദേഹം കുറിക്കുന്നു. ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ചേർത്തുപിടിച്ച്, ഏതു കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്കമായ ചിരിയും സ്നേഹവും ശാസനയുമായി ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണുമെന്നും മോഹൻലാൽ കുറിച്ചു. മലയാള സിനിമയുടെയും കേരളത്തിന്‍റെയും ചരിത്രത്തിലെ പ്രിയപ്പെട്ട കലാകാരനാണ് ഇന്നസെന്‍റ്. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ ചിരിപ്പിക്കുകയും ചിന്തിക്കുകയും കരയിക്കുകയും ചെയ്ത കഥാപാത്രങ്ങളെ അവശേഷിപ്പിച്ച് അപ്രത്യക്ഷനായപ്പോൾ മലയാളത്തിന് നഷ്ടമായത് അതുല്യമായ ഒരു കലാകരനെയാണ്.