ഭിന്നശേഷിക്കാർക്കു വേണ്ടി പ്രവർത്തിക്കുന്ന മൊബിലിറ്റി ഇൻ ഡിസ്ട്രോഫി (മൈൻഡ്) ട്രസ്റ്റിന് കേരള സാമൂഹ്യ നീതി വകുപ്പിന്റെ പുരസ്കാരം
തൃശൂർ: ലോക ഭിന്നശേഷി ദിനത്തിൽ കേരള സാമൂഹ്യനീതി വകുപ്പിന്റെ 2021ലെ ഭിന്നശേഷിക്കാർക്കു വേണ്ടി പ്രവർത്തിക്കുന്ന ഏറ്റവും മികച്ച സംഘടനക്കുള്ള പുരസ്‌കാരം മൊബിലിറ്റി ഇൻ ഡിസ്ട്രോഫി (മൈൻഡ്) ട്രസ്റ്റിനു ലഭിച്ചു.
തൃശൂർ വി കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്ത് പുരസ്കാരം നൽകി. മൈൻഡ് ട്രസ്റ്റ് ചെയർമാൻ കെ കെ കൃഷ്ണകുമാറും, വൈസ് ചെയർമാൻ സക്കീർ ഹുസൈനും പുരസ്കാരം ചേർന്ന് ഏറ്റുവാങ്ങി.
തൃശൂർ ഗാഗുൽത്ത ധ്യാനകേന്ദ്രത്തിൽ കേരളത്തിലെമ്പാടുമുള്ള 77 എംഡി/എസ്എംഎ ബാധിതരുടെ ഒത്തുചേരലിനൊപ്പം 2017 മെയ് മാസത്തിലാണ് മൈൻഡ് രൂപീകരിച്ചത്. മതിലകം പുതിയകാവിലാണ് മൈൻഡ് ട്രസ്റ്റിന്റെ രജിസ്‌ട്രർ ഓഫീസ് പ്രവർത്തിക്കുന്നത്. "ഒരിടം" എന്ന പുതിയ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ട്രസ്റ്റ്. ഈ പദ്ധതിയിലൂടെ ഐ ഐ ടികൾ, ഐ ഐ എമ്മുകൾ, സർവ്വകലാശാലകൾ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി ചേർന്ന് ആധുനിക ജീവിത സഹായ ഉൽപ്പന്നങ്ങൾ എത്തിക്കാനും, എല്ലാ ദരിദ്രരായ എംഡി/എസ്എംഎ വ്യക്തികൾക്ക് താങ്ങാനാവുന്ന ചെലവിൽ ചികിത്സയും, അതിലൂടെ അവരുടെ ജീവിത നിലവാരം കൈവരിക്കാനും മെച്ചപ്പെടുത്താനുമുള്ള പരിശ്രമത്തിലാണ് മൈൻഡ് ട്രസ്റ്റ്.