പടിയം മിനി സ്റ്റേഡിയത്തിനായി ഗ്രാമം ഒരുങ്ങി.
അന്തിക്കാട്:
അന്തിക്കാട് പഞ്ചായത്തിലെ പടിയം ഗ്രാമവാസികളുടെ സ്വപ്നമായ മിനി സ്റ്റേഡിയം യഥാർഥ്യമാവുന്നു. പുഴയും കുളങ്ങളും തോടുകളും പാടങ്ങളും ചെറിയ കാടുകളും മരങ്ങളും തെങ്ങുകളും പുഴയ്ക്കു നടുവിലെ മാടും എല്ലാം നിറഞ്ഞ മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് പടിയം.
കാലങ്ങളായി പഴയ തലമുറകൾ കളിച്ചു നടന്നിരുന്ന പറമ്പുകളും മൈതാനങ്ങളും എല്ലാം വീടുകളും മറ്റും വന്നപ്പോൾ ഇല്ലാതായി. ഇപ്പോഴത്തെ തലമുറയ്ക്ക് കളിസ്ഥലം നഷ്ടപ്പെട്ട് ഗ്രാമത്തിന് പുറത്തേക്ക് പോകേണ്ടിവരുന്ന അവസ്ഥ വന്നതോടെ മിനി സ്റ്റേഡിയത്തിനായി ഒരേ മനസ്സോടെ ഒരേ കുടക്കീഴിൽ ഗ്രാമവാസികൾ ഒരുങ്ങിക്കഴിഞ്ഞു. സമീപ പ്രദേശങ്ങളിലെല്ലാം മിനി സ്റ്റേഡിയങ്ങൾ പൊന്തി വന്നപ്പോൾ തനി നാട്ടിൻപുറത്തുകാരായ പടിയത്തെ കായിക മാമാങ്കങ്ങളെ സ്നേഹിക്കുന്ന നെഞ്ചിലേറ്റുന്ന ഈ ഗ്രാമത്തിലെ ഒരുപറ്റം യുവാക്കൾ ചേർന്ന് ഞങ്ങൾക്കും വേണം ഒരു ചെറിയ സ്റ്റേഡിയം എന്ന ചിന്തയാണ് ഇന്ന് പടിയം ഗ്രാമം ഏറ്റെടുത്തിരിക്കുന്നത്.
മറ്റിതര ഭാഗങ്ങളിലെല്ലാം മിനി സ്റ്റേഡിയങ്ങൾ വ്യക്തികളിലൂടെ ബിസിനസ് പോലെ കൊണ്ടുനടക്കുമ്പോളാണ് പടിയം ഗ്രാമത്തിലെ നിവാസികൾ ഒരു ചലഞ്ച് പോലെ ഈ സ്വപ്നം പൂവണിയിക്കുന്നത്. യുഎഇ, ഖത്തർ, സൗദി, കുവൈറ്റ്, ബഹ്റൈൻ, ഒമാൻ, യു കെ, യു എസ് എ, ബ്രൂണേ, അരീന, ഓസ്ട്രേലിയ കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന പടിയത്തെ കായികപ്രേമികൾ നാടിനായി സമർപ്പിക്കാൻ പോകുന്ന ഈ മിനി സ്റ്റേഡിയം ഇന്ന് ഏറെ ചർച്ചയാവുകയാണ്.
ഏകദേശം 100ൽ പരം ഗ്രാമത്തിലെ വ്യക്തികൾ ചേർന്നാണ് ഇതിനുള്ള ഫണ്ട് സമാഹരിച്ചിട്ടുള്ളത്. മികച്ച സ്കൂൾ ടീമുകൾക്കും കോളേജ് ടീമുകൾക്കും വേണ്ടി ഫുട്ബോൾ, ക്രിക്കറ്റ് കളിക്കുന്ന ചെറുപ്പക്കാർ അടക്കം കേരളത്തിലും വിദേശത്തുമായി പല ക്ലബ്ബുകളിലും കളിക്കുന്നവരും ഈ കൊച്ചു ഗ്രാമത്തിൽ ഉണ്ട്. അവർക്കെല്ലാം തന്നെ ആശ്വാസം എന്നോണം പടിയം സ്പോർട്സ് അക്കാദമിയുടെ കീഴിൽ ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ കോർട്ട് തുടങ്ങി എല്ലാ സൗകര്യത്തോടെയുമാണ് സ്റ്റേഡിയം ഒരുങ്ങുന്നത്. 70 ശതമാനത്തിലധികം പണിപൂർത്തിയായ സ്റ്റേഡിയം വരുന്ന ഓഗസ്റ്റിൽ പൂർണ്ണമായും മുഴുവൻ ഒരുക്കങ്ങളും തീർത്തുകൊണ്ട് ഈ നാടിന് സമർപ്പിക്കാൻ ആകുമെന്നാണ് പടിയം സ്പോർട്സ് അക്കാദമിയുടെ ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്.