ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് ഉറപ്പാക്കും: മന്ത്രി ഡോ. ആർ ബിന്ദു
സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും യുണീക്ക് ഡിസബിലിറ്റി ഐഡൻ്റിറ്റി (യു ഡി ഐ ഡി ) കാർഡ് നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരിച്ചറിയൽ കാർഡ് വിതരണത്തിനായി നടത്തിയ പ്രത്യേക ഡ്രൈവിൽ 1.26 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്ക് മെഡിക്കൽ പരിശോധന പൂർത്തിയാക്കി ഉടൻ കാർഡ് വിതരണം ചെയ്യും. രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷിസൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കർക്കുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ് വിതരണ സ്പെഷ്യൽ ക്യാംപ് ഇരിങ്ങാലക്കുടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായുള്ള ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ മികവിൻ്റെ കേന്ദ്രമാക്കി മാറ്റും. ഇതിനായി 10 കോടി രൂപ സർക്കാർ നീക്കി വെച്ചിട്ടുണ്ട്. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ കുടുംബങ്ങൾക്ക് താമസിക്കാനായി പുനരധിവാസ വില്ലേജ് സർക്കാർ പരിഗണനയിലുണ്ട്. സർക്കർ സ്ഥാപനങ്ങൾ ഭിന്നശേഷിസൗഹൃദമാക്കും. ഇതിനായി തടസ്സ രഹിത കേരളം പദ്ധതി നടപ്പിലാക്കുന്നു. കാഴ്ച പരിമിതർക്ക് വോയ്സ് എൻഹാൻസെഡ് സ്മാർട്ട് ഫോൺ, ശ്രുതി തരംഗം പദ്ധതി, വീൽ ചെയർ നൽകുന്ന ശുഭയാത്ര പദ്ധതി എന്നിവ സർക്കാർ നടപ്പിലാക്കുന്നു..
ഇരിങ്ങാലക്കുടയിൽ നടന്ന ക്യാമ്പിൽ 114 പേർ പങ്കെടുത്തു. മെഡിക്കൽ പരിശോധനയും മറ്റു നടപടികളും പൂർത്തിയാക്കിയവർക്ക് നേരിട്ട് കാർഡ് വീടുകളിലേക്കെത്തിക്കുമെന്ന് കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ഡയറക്ടർ എം എസ് ഷെറിൻ അറിയിച്ചു.
ഇരിങ്ങാലക്കുട നഗര സഭ ചെയർ പേഴ്സൺ സോണിയ ഗിരി അധ്യക്ഷയായി. കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സീമ പ്രേംരാജ്, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് തമ്പി, കാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പവിത്രൻ, വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ധനീഷ്, ഡെപ്യുട്ടി ഡിഎംഒ ഡോ. കെ ടി പ്രേംകുമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ഡയറക്ടർ എം എസ് ഷെറിൻ സ്വാഗതവും എസ്ഐഡി പ്രോഗ്രാം കോർഡിനേറ്റർ സഹിറുദ്ദീൻ നന്ദിയും രേഖപ്പെടുത്തി.