ഇരിങ്ങാലക്കുട മണ്ഡലം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
പഠനം വിദ്യാർത്ഥികേന്ദ്രീകൃതമാവണം : മന്ത്രി ഡോ. ആർ ബിന്ദു
കിരീടം ധരിപ്പിച്ച്, പാഠപുസ്തകങ്ങളും സമ്മാനങ്ങളും മധുരവും നൽകി ഇരിങ്ങാലക്കുട നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ നവാഗതരെ സ്വാഗതം ചെയ്തു. ഇരിങ്ങാലക്കുട മണ്ഡലതല പ്രവേശനോത്സവം നടവരമ്പ് സ്കൂളിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കി വിദ്യാർത്ഥികേന്ദ്രീകൃതമായിട്ടാവണം അധ്യയനമെന്ന് മന്ത്രി പറഞ്ഞു. അധ്യാപകർ വിദ്യാർത്ഥികളുടെ ചങ്ങാതിമാരാവണം. കുട്ടികളെ സ്വയം പഠിക്കുന്ന രീതിയിലേക്ക് മാറാൻ പ്രചോദനമാകണം. പ്രോത്സാഹന ഘടകമായ വാക്കുകൾ പറഞ്ഞ് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഓരോ അധ്യാപകർക്കും കഴിയണം. മികച്ച വിദ്യാഭ്യാസ രീതി നൽകുവാനും സാമൂഹ്യബോധമുള്ള കുട്ടികളാക്കി വളർത്തുവാനും പൂർവവിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും രക്ഷിതാക്കളും എല്ലാവരും ചേർന്ന് കൈകോർത്തുപിടിച്ച് പരിശ്രമിക്കണം എന്നും മന്ത്രി പറഞ്ഞു.
പൊതു വിദ്യാഭ്യാസ മേഖലയിൽ കേരളം നമ്പർ വൺ ആണ്. ഓരോ കുട്ടിയുടെയും അവകാശമാണ് ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന പ്രഖ്യാപിച്ചുകൊണ്ടാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കഴിഞ്ഞകൊല്ലം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പൊതു വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളും അക്കാദമികമായ ഗുണനിലവാരവും വളരെ മികച്ച നിലയിൽ വർദ്ധിപ്പിക്കാനായെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ പൊതു വിദ്യാലയത്തിൽ മികച്ച സൗകര്യങ്ങളോടുകൂടിയ ഒരു ഓഡിറ്റോറിയം നൽകുമെന്ന് മന്ത്രി ഉറപ്പ്നൽകി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ഒ ആർ ബിന്ദു, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ധനീഷ്, ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ എം കെ പ്രീതി, എൽ പി വിഭാഗം പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ ജോസഫ്, വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പാൾ ബസന്ത് പി എസ്, എൽ പി പിടിഎ പ്രസിഡന്റ് ഇ കെ ഷിഹാബ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നിഷ എം സി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.