ഭരണഘടന സംരക്ഷണം പൗര സമൂഹത്തിന്റെ കൂടി കടമ: മന്ത്രി കെ രാജൻ
ഭരണഘടന സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും ഓരോ പൗരനും കടമയുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഭരണഘടനയിലെ പൗരാവകാശങ്ങൾ ഉറപ്പിക്കുന്നതോടൊപ്പം അത് മുന്നോട്ടുവയ്ക്കുന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റണ്ടതും പൗരസമൂഹത്തിന്റെ ബാധ്യതയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തേക്കിൻകാട് മൈതാനിയിൽ നടന്ന 74-ാമത് റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യം ഒരു ജനാധിപത്യ-മതനിരപേക്ഷ- പരമാധികാര റിപ്പബ്ലിക്കായി നിലകൊള്ളുന്നത് ഭരണഘടനയുടെ കരുത്തുറ്റ അടിത്തറയിലാണ്. ആ അടിത്തറ തകർന്നാൽ ഇന്ത്യയില്ല. ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തിന് പൗരൻ എന്ന നിലയിൽ, ആവശ്യമായ ദിശാബോധം നൽകുന്ന ആധികാരിക മാർഗരേഖയാണ് ഭരണഘടനയെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ സംസ്കാരമെന്നത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ബഹുസ്വരതയാണ്. ജനാധിപത്യവും മതനിരപേക്ഷതയുമാണ് അതിന്റെ ഉൾക്കാമ്പ്. ഭരണനിർവഹണം, നിയമനിർമാണം, നീതിന്യായ പരിപാലനം തുടങ്ങി ഭരണയന്ത്രത്തിന്റെ വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ, പ്രാദേശിക ഭരണസ്ഥാപനങ്ങൾ തുടങ്ങി മേഖലകൾ തമ്മിലുമുള്ള ബന്ധങ്ങൾ നിർണയിക്കുകയും നിർവചിക്കുകയും ചെയ്യുന്നത് ഭരണഘടനയാണെന്നും മന്ത്രി പറഞ്ഞു.
ഭരണഘടന സംരക്ഷണത്തിന് ഇന്ന് ഏറെ പ്രാധാന്യമുണ്ട്. ഭരണഘടന മുന്നോട്ട് വെയ്ക്കുന്ന മതനിരപേക്ഷത, ജനാധിപത്യം, ഫെഡറലിസം, സാമൂഹ്യനീതി, സാമ്പത്തിക പരമാധികാരം എന്നിവ സംരക്ഷിക്കാനുളള ശക്തമായ പ്രവർത്തനങ്ങൾ ഉയർന്നു വരണം. നമ്മുടെ പൂർവ്വികർ കൈമാറിത്തന്ന ഭരണഘടനാവെളിച്ചത്തെ വരുംതലമുറകളിലേക്ക് പകർന്നു നൽകുകയും ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ തനത് സാംസ്കാരികധാരകൾ പണിതുയർത്തപ്പെട്ടത് സഹിഷ്ണുതയിലും പരസ്പര സഹകരണത്തിലും സാഹോദര്യത്തിലുമാണ്. രാജ്യത്തിന്റെ യഥാർത്ഥചരിത്രം പഠിക്കാനും പഠിപ്പിക്കാനും നാം സജ്ജരാകേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
രാജ്യം സ്വതന്ത്രയായതിന്റെ എഴുപത്തിയഞ്ചാം വാർഷികം ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ രാജ്യമാകെ ആഘോഷിച്ചതിന്റെ പരിസമാപ്തി ഈ വരുന്ന സ്വാതന്ത്ര്യദിനത്തിലാണ്. ഗാന്ധിജി രക്തസാക്ഷിത്വം വരിച്ചതിന്റെ എഴുപത്തിയഞ്ചാം വാർഷികവും ഈ ജനുവരി 30 നാണ് ആചരിക്കുന്നത്. ഗാന്ധിജി നടത്തിയ പോരാട്ടമാണ് എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യ എന്ന ആശയത്തിന് രൂപവും ഭാവവും കൊടുത്തത്. എല്ലാ കാലത്തും ഗാന്ധിജി സ്മരിക്കപ്പെടേണ്ടത് രാജ്യത്തിന്റെയും ജനതയുടെയും ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തൃശൂർ ഡി എച്ച് ക്യൂ ക്യാമ്പ് ഇൻസ്പെക്ടർ കെ വിനോദ് കുമാർ പരേഡ് നയിച്ചു. വനിതാ സെൽ ഇൻസ്പെക്ടർ പി വി സിന്ധു പരേഡ് സെക്കന്റ് ഇൻ കമാന്റായി. 3 ബാന്റ് പ്ലാറ്റൂണുകൾ ഉൾപ്പെടെ 23 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. സംസ്ഥാന യുവജന ക്ഷേമ ബോർഡ് പ്രളയാനന്തരം രൂപീകരിച്ച സന്നദ്ധ സേവന സേന ടീം കേരള യൂത്ത് ഫോഴ്സ് ആദ്യമായി പരേഡിന്റെ ഭാഗമായി. ജില്ലാ കലക്ടർ ഹരിത വി കുമാർ, സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ, ജില്ലാ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ എന്നിവരും പരേഡിൽ അഭിവാദ്യം സ്വീകരിച്ചു.
മാർത്തോമ ഹയർ സെക്കന്ററി സ്കൂൾ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബ്, സേക്രട്ട് ഹാർട്ട് സ്കൂൾ വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനം എന്നിവ അരങ്ങേറി. പരേഡിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്ലാറ്റൂണുകൾക്ക് മന്ത്രി സമ്മാനദാനം നിർവഹിച്ചു.
മേയർ എം കെ വർഗീസ്, പി ബാലചന്ദ്രൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ, സബ് കലക്ടർ മുഹമ്മദ് ഷെഫീക്ക്, പെരുവനം കുട്ടൻ മാരാർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.