അഴീക്കോട് സ്മാരകം നവീകരണം ഒരു വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാക്കും; മന്ത്രി കെ രാജന്‍
കേരളത്തിന്റെ സാംസ്‌കാരിക മനസാക്ഷിയായി നിറഞ്ഞുനില്‍ക്കുകയും സാമൂഹ്യപ്രശ്നങ്ങളോട് നിരന്തരമായി പ്രതികരിക്കുകയും ചെയ്ത ഡോ.സുകുമാര്‍ അഴീക്കോടിന്റെ എരവിമംഗലത്തുള്ള സ്മാരക മന്ദിരത്തില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നും ഒരു വര്‍ഷത്തിനകം പണികള്‍ പൂര്‍ത്തിയാക്കി നവീകരിച്ച മന്ദിരം നാടിന് സമര്‍പ്പിക്കുമെന്നും റവന്യൂ വകുപ്പുമന്ത്രി കെ.രാജന്‍ പറഞ്ഞു. അഴീക്കോട് സ്മാരകമന്ദിരത്തില്‍ കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച അഴീക്കോടിന്റെ പത്താം ചരമവാര്‍ഷികദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരുംതലമുറകള്‍ക്ക് ഒരു പാഠപുസ്തകം പോലെ പ്രയോജനപ്പെടുത്താവുന്നവിധത്തില്‍ സ്മാരകത്തെ കാലോചിതമായി പുതുക്കിപ്പണിയും. അഴീക്കോടിന്റെ ഓര്‍മ്മകള്‍ തുടിച്ചുനില്‍ക്കുന്ന സ്മാരകവസ്തുക്കളും പുസ്തകങ്ങളും സംരക്ഷിക്കും. അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാനും കാണാനുമുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. പുഴയോരത്തുള്ള സ്മാരകഭൂമികയില്‍ ഓഡിറ്റോറിയവും ലൈബ്രറിയും മ്യൂസിയവും ഒരുക്കും. ഇതിനുവേണ്ടി 50ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ കേരള സാഹിത്യ അക്കാദമിക്ക് കൈമാറിക്കഴിഞ്ഞു. തുടര്‍ന്ന് ആവശ്യമെങ്കില്‍ എം എല്‍ എ ഫണ്ടില്‍നിന്നുമുള്ള തുക നീക്കിവെയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
അഴീക്കോട് നിര്‍ഭയനായി അനീതിക്കെതിരെ പൊരുതിയ പോരാളിയായിരുന്നുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പറഞ്ഞു. സമൂഹത്തില്‍ പ്രതിസന്ധികളുണ്ടാകുമ്പോഴൊക്കെ അഴീക്കോടിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലെന്ന് മലയാളികള്‍ ഇപ്പോഴും ആഗ്രഹിച്ചുപോരുന്നു. തെറ്റുകള്‍ക്കെതിരെ കലഹിക്കാന്‍ മടിച്ചുനില്‍ക്കാഞ്ഞ ആ മഹാപ്രതിഭയ്ക്ക് പകരംവയ്ക്കാന്‍ മറ്റൊരാളില്ലെന്നും വൈശാഖന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം കെ.വി.സജു,നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആര്‍ രജിത്, ജയന്‍ കെ ജെ, എം പീതാംബരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സാഹിത്യ അക്കാദമി പ്രോഗ്രാം കോ-ഓഡിനേറ്റര്‍ കെ എസ് സുനില്‍കുമാര്‍ സ്വാഗതവും അക്കാദമി പബ്ലിക്കേഷന്‍ ഓഫീസര്‍ ഈ ഡി ഡേവീസ് നന്ദിയും പറഞ്ഞു. രാവിലെ അഴീക്കോടിന്റെ ഛായചിത്രത്തിന് മുന്നില്‍ ദീപോജ്ജ്വലനവും പുഷ്പാര്‍ച്ചനയും നടന്നു.