റവന്യൂ കലോത്സവം സംസ്ഥാനത്തിന്റെ സാംസ്കാരിക ചിത്രത്തിൽ ഇടം പിടിക്കും: മന്ത്രി കെ രാജൻ

സംസ്ഥാനത്തിന്റെ സാംസ്കാരിക ചിത്രത്തിൽ ചരിത്രമാകാൻ പോകുന്ന ഒന്നാണ് തൃശൂരിൽ നടക്കുന്ന റവന്യൂ കലോത്സവമെന്ന് റവന്യൂ മന്ത്രി കെ രാജൻ. മേളയോടനുബന്ധിച്ച് ജില്ലയിലെ എംപിമാർ എംഎൽഎമാർ, സാമൂഹ്യ രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരുടെ നേതൃത്വത്തിൽ സാഹിത്യ അക്കാദമിയുടെ തുറന്ന വേദിയിൽ  ചേർന്ന സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനത്തിന്റെ പങ്കാളിത്തം കൂടി ഉറപ്പിച്ച് ശ്രദ്ധേയമായ പരിപാടികൾ കൂടി കലോത്സവത്തിൽ ഉൾപ്പെടുത്താനാണ് വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. 4000 ത്തോളം കലാകാരൻമാർ മാറ്റുരയ്ക്കുന്ന കലോത്സവത്തിന് എല്ലാ സഹായവും പിന്തുണയും വേണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

സംസ്ഥാനത്തെ മുഴുവൻ ഭൂരഹിതരെയും ഭൂമിയുടെ അവകാശികളാക്കാനുള്ള ഘട്ടം ഘട്ടമായുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് സർക്കാർ. ഡിജിറ്റൽ സർവ്വെ ഉൾപ്പെടെയുള്ള നടപടികൾ സംസ്ഥാനത്ത് പുരോഗമിക്കുന്നുണ്ട്. നാല് വർഷം കൊണ്ട്, 807 കോടി രൂപ ചെലവിട്ടാണ് കേരളത്തെ ഡിജിറ്റലായി അളക്കുന്നത്.  കേരളത്തിലെ റവന്യൂ പ്രവർത്തനങ്ങളെ സമ്പൂർണമായി ഡിജിറ്റലാക്കുക എന്ന ലക്ഷ്യവുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇത്തരം പ്രവർത്തനങ്ങളിലൂടെ റവന്യൂ രംഗത്തെ പുതിയ ശാക്തീകരണം കൂടിയാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിചേർത്തു.

14 ജില്ലകളിലെ റവന്യൂ വകുപ്പിലെയും സംസ്ഥാന റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥരാണ് സംസ്ഥാന റവന്യൂ കലോത്സവത്തിൽ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയും മന്ത്രിമാരായ കെ രാധാകൃഷ്ണൻ, ആർ ബിന്ദു എന്നിവർ രക്ഷാധികാരികളായുമുള്ള സംഘാടക സമിതി രൂപീകരിച്ചു.  റവന്യൂ മന്ത്രി കെ രാജൻ ചെയർമാനായുള്ള സമിതിയിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ ഉൾപ്പെടെയുണ്ട്. ജോയിന്റ് ലാന്റ് കമ്മീഷണർ ജെറോമിക് ജോർജ് ചടങ്ങിൽ കലോത്സവ വിശദീകരണം നടത്തി. യോഗത്തിന് മുന്നോടിയായി കണിമംഗലം ഗ്രാമീണ വായനശാലയുടെ  ദൈവമക്കൾ നാടൻപാട്ട് സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന നാടൻപാട്ട് അവതരണം റവന്യൂ കലോത്സവത്തിന്റെ വരവ് വിളിച്ചോതുന്നതായിരുന്നു.

പി ബാലചന്ദ്രൻ എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം എൽ എ മാരായ എ സി മൊയ്തീൻ, മുരളി പെരുനെല്ലി, കെ രാമചന്ദ്രൻ, സി സി മുകുന്ദൻ, മേയർ എ കെ വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, മുൻ മന്ത്രി വി എസ് സുനിൽ കുമാർ, തൃശൂർ അതിരൂപത ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്,  കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി നന്ദകുമാർ, ഐ എം വിജയൻ, ജോ പോൾ അഞ്ചേരി, ജയരാജ് വാര്യർ, പാർവതി പവനൻ, വിദ്യാധരൻ മാസ്റ്റർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അബ്ദുൾ ഹമീദ്, ജില്ലാ കലക്ടർ ഹരിത വി കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 

Related Posts