പൊന്നോണത്തിന് രുചി പകരാന്‍ സപ്ലൈകോയും
കൃഷിക്കൂട്ടങ്ങളിലൂടെ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കും: മന്ത്രി കെ രാജന്‍
സംസ്ഥാനത്തിന് ആവശ്യമായ പച്ചക്കറി സ്വയം ഉത്പാദിപ്പിക്കാവുന്ന കൃഷിക്കൂട്ടങ്ങൾ തുടങ്ങുന്നതിനും കാർഷിക ഉത്പന്നങ്ങൾ സംഭരിക്കാന്‍ കഴിയുന്നവിധത്തില്‍ പച്ചക്കറിച്ചന്തകള്‍ ആരംഭിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് റവന്യൂമന്ത്രി കെ രാജന്‍. സപ്ലൈക്കോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ഫെയര്‍ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
എല്ലാവരും കൃഷിയിലേയ്ക്ക് എന്ന മുദ്രാവാക്യത്തിലൂന്നി എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തി കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ച് നമുക്ക് ആവശ്യമായത് ഇവിടെത്തന്നെ ഉത്പാദിപ്പിക്കാനാകും. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ പരമാവധി സംഭരിക്കാന്‍ കഴിയുന്ന പച്ചക്കറിച്ചന്തകള്‍ ആരംഭിക്കണം. കര്‍ഷകന് ലാഭവും ഉപഭോക്താവിന് വിലക്കുറവും ഉറപ്പുവരുത്തുകയാണ് ലക്‌ഷ്യം. അപകടകരമായതും ഗുണമേന്മയില്ലാത്തതുമായ പച്ചക്കറികള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന സാഹചര്യമുണ്ട്. 16.5 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി മാത്രമാണ് സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നത്. വിലക്കയറ്റം രൂക്ഷമാണ്. വിപണിയില്‍ ഇടപെട്ട് ഇതിന് പരിഹാരം കാണുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈകൊള്ളുന്നതെന്നും മന്ത്രി പറഞ്ഞു.
ഇന്നുമുതൽ സെപ്റ്റംബര്‍ 7വരെ 12 ദിവസം നീണ്ടു നില്‍ക്കുന്നതാണ് സപ്ലൈകോയുടെ ഓണം ഫെയര്‍. മില്‍മ, കുടുംബശ്രീ എന്നിവയുടെ സ്റ്റാളുകളും കുത്താമ്പുളളി കൈത്തറി ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും കുടുംബശ്രീ ഫുഡ്കോര്‍ട്ടും ഓണം ഫെയറില്‍ ഒരുക്കിയിട്ടുണ്ട്. സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ 'സമൃദ്ധി' എന്ന പേരില്‍ 17 ഇനങ്ങള്‍ അടങ്ങിയ സ്‌പെഷ്യല്‍ ഓണക്കിറ്റും വിപണനത്തിനുണ്ട്.
സപ്ലൈകോ വന്‍ വിലക്കുറവിലാണ് അവശ്യസാധനങ്ങള്‍ ഓണത്തിന് ജനങ്ങളുടെ കൈകളില്‍ എത്തിക്കുന്നത്. 13 ഇനങ്ങള്‍ സബ്സിഡിയില്‍ ലഭിക്കും. കണ്‍സ്യൂമര്‍ഫെഡില്‍ ജയ, കുറുവ, കുത്തരി എന്നിവയില്‍ ഒരിനം അരി അഞ്ച് കിലോ ലഭിക്കും. പച്ചരി രണ്ട് കിലോയും പഞ്ചസാര ഒരു കിലോയും ചെറുപയര്‍, വന്‍കടല, ഉഴുന്ന്, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി എന്നിവ അരക്കിലോയും അരലിറ്റര്‍ വെളിച്ചെണ്ണയുമുണ്ട്. ഇതിനു പുറമെ നോണ്‍ സബ്‌സിഡി ഇനത്തില്‍ 43 ഇന സാധനങ്ങളും മില്‍മ കിറ്റും ലഭിക്കും. സബ്‌സിഡി ഇല്ലാത്ത സാധനങ്ങള്‍ക്ക് പൊതു വിപണിയേക്കാള്‍ 10 മുതല്‍ 30 ശതമാനം വരെ വിലക്കുറവുണ്ട്. രാവിലെ 9.30 മുതൽ രാത്രി ഏറ്റുവരെ സ്റ്റാളുകൾ പ്രവർത്തിക്കും.
തേക്കിൻകാട് തെക്കേഗോപുര നടയില്‍ നടന്ന ചടങ്ങില്‍ പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ടി എന്‍ പ്രതാപന്‍ എംപി വിശിഷ്ടാതിഥിയായി. ജില്ലാ കലക്ടര്‍ ഹരിത വി കുമാറും ടി എന്‍ പ്രതാപന്‍ എംപിയും ചേര്‍ന്ന് പുല്ലഴി സ്വദേശിയായ ശങ്കരനാരായണന്‍ ആദ്യ വില്‍പ്പന നടത്തി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഷാജന്‍, സപ്ലൈകോ മേഖലാ മാനേജര്‍ എം വി ശിവകാമി അമ്മാള്‍, ജില്ലാ സപ്ലൈ ഓഫീസര്‍ പി ആര്‍ ജയചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വില വിവരപട്ടിക (ഇനം- സപ്ലൈക്കോ സബ്‌സിഡി വില )
ചെറുപയര്‍-74
ഉഴുന്ന്-66
കടല- 43
പയര്‍- 45
തുവര പരിപ്പ്- 65
മുളക്- 75
മല്ലി-79
പഞ്ചസാര- 22
ജയ അരി- 25
കുറുവ അരി- 25
പച്ചരി- 23
മട്ട അരി- 24
വെളിച്ചെണ്ണ (1 ലിറ്റര്‍)-128