സ്ത്രീ ശാക്തീകരണ സംരംഭങ്ങൾ വികസനത്തിന്റെ കാതൽ - മന്ത്രി കെ രാജൻ
സ്ത്രീ ശാക്തീകരണ സംരംഭങ്ങൾ വികസനത്തിന്റെ കാതൽ ആണെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ കെ രാജൻ. കൊടകര ബ്ലോക്കിന്റെ ഷീ വർക്ക് സ്പേസ് പദ്ധതിയുടെ ഡി പി ആർ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡാനന്തര കേരളത്തിന്റെ വികസനത്തിന് ഇത്തരം സംരംഭങ്ങൾ മാതൃകയാക്കണമെന്നും സ്ത്രീ ശാക്തീകരണത്തിന് വേണ്ടി ഏറ്റവും പുതിയ ആശയങ്ങൾ പ്രാവർത്തികമാകുന്ന ചരിത്ര നിമിഷം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ എം എൽ എ കെ കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്ത്രീകൾക്ക് ജോലി ചെയ്യാൻ സുരക്ഷിതവും സൗകര്യപ്രദവുമായ ഇടം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി കൊടകര ബ്ലോക്ക് ജില്ലാ ഗ്രാമ പഞ്ചായത്തുകളുടെ സഹായ സഹകരണത്തോടെ നടപ്പിലാക്കുന്ന അഭിമാന പദ്ധതിയാണ് ഷീ വർക്ക് സ്പേസ്. ഉൽപാദനം, ഐ ടി, ആരോഗ്യ മേഖല, വനിതാ യുവ സംരംഭകത്വം, വിദ്യാഭ്യാസം, പരിശീലനം, വ്യാപാരം എന്നിവയെല്ലാം ഒരു കുടകീഴിലാക്കുക എന്ന ലക്ഷ്യത്തോടെ 28.95 കോടി രൂപ മുതൽ മുടക്കിലാണ് പദ്ധതി നടപ്പിലാക്കുക.
ചടങ്ങിൽ എൽ എസ് ജി ഡി എ എക്സ് ഇ ആന്റണി വട്ടോളി പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ഡി പി ആർ തയ്യാറാക്കിയ തൃശൂർ ഗവ എഞ്ചിനീയറിംഗ് കോളേജ് ആർക്കിടെക്ച്ചർ വിഭാഗത്തെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ ജിജു പി അലക്സ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി എസ് പ്രിൻസ്, സരിത രാജേഷ്, മറ്റത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല ജോർജ്, വിവിധ പഞ്ചായത്ത് പ്രസിഡന്റ്‌മാർ, ബ്ലോക്ക് സെക്രട്ടറി പി ആർ അജയഘോഷ് തുടങ്ങിയവർ സന്നിഹിതരായി.