ചെലവ് ചുരുക്കി വൈദ്യുതി ഉല്‍പ്പാദാനം; പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കും; വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി

പരമാവധി ചെലവ് ചുരുക്കി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്തിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. അട്ടപ്പാടിയിലെ അഗളിയില്‍ സ്ഥാപിച്ച ഒരു മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതിയുടെ ഉദ്ഘാടനം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതികളുടെ നിര്‍മ്മാണ ചെലവ് കുറയ്ക്കുന്നതിനായി ഡിസൈനില്‍ ഉള്‍പ്പടെ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “100 ദിവസത്തിനുള്ളില്‍ 100 മെഗാവാട്ട്” എന്ന ലക്ഷ്യത്തോടെ, ഒരു ക്യാംപയിൻ അടിസ്ഥാനത്തിൽ പുരപ്പുറ സോളാർ പ്ലാന്റ് നിർമ്മാണത്തിലേക്ക് കെ എസ് ഇ ബി കടന്നിട്ടുണ്ട്. കേരളത്തിലെ ജല സ്രോതസ്സുകള്‍ പരമാവധി ഉപയോഗപ്പെടുത്തി ജല വൈദ്യുത പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ജില്ലയില്‍ കഞ്ചിക്കോട് 3 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ നിലയത്തിന്റെയും നെന്മാറയില്‍ 1.5 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ നിലയത്തിന്റെയും നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഗളിയില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്തിനുള്ള 72 മെഗാവാട്ട് ശേഷിയുള്ള പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ എച് പി സി യുമായി ഇന്ന് ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പദ്ധതിയ്ക്കായി സ്ഥലം വിട്ടുകൊടുക്കുന്ന ആദിവാസി ഭൂവുടമകള്‍ക്ക് ഒരു നിശ്ചിത ശതമാനം വരുമാനം ഉറപ്പ് വരുത്തുന്നരീതിയിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

Related Posts