30 വർഷം കൂടെ കൂട്ടിയ താടിയെടുത്ത് മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: വൃത്തിയായി വെട്ടിയൊതുക്കിയ താടി, എം ബി രാജേഷ് എന്ന രാഷ്ട്രീയക്കാരനെ, വിദ്യാർത്ഥി സംഘടനയുടെ കാലം മുതൽ മന്ത്രിക്കസേരയിൽ വന്ന കാലം വരെ കേരളം കണ്ടത് ഇങ്ങനെയാണ്. പെട്ടെന്ന് ഒരു ദിവസം താടിയില്ലാത്ത ഒരു ഫോട്ടോ ഫെയ്സ്ബുക്ക് പ്രൊഫൈൽ ചിത്രമിട്ട് മന്ത്രി ഞെട്ടിച്ചു. നിമിഷങ്ങൾക്കകം ചിത്രം വൈറലായി. സംഗതി കൊള്ളാമെന്നും അതല്ല കമ്മ്യൂണിസ്റ്റ് ഗൗരവം ചോര്‍ന്നെന്നും ഒക്കെ പല തരത്തിലാണ് കമന്റുകൾ. മന്ത്രിക്ക് പറയാനുള്ളത് ഇത്രമാത്രം, തലയേക്കാൾ വേഗം താടി നരയ്ക്കുന്നു. ആ മൊത്തത്തിലുള്ള പൊരുത്തക്കേട് പരിഹരിക്കാൻ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതിൽ എനിക്ക് താൽപ്പര്യമില്ല. അതിനാൽ, അധികം ആലോചിക്കാതെ, താടി നീക്കി. താടിയില്ലാത്ത രൂപത്തോട് ആദ്യ പ്രതികരണവും വിമർശനവും വീട്ടിൽ നിന്നാണ് വന്നത്. താടിയില്ലാതെ കൊള്ളില്ലെന്ന് അഭിപ്രായപ്പെട്ട ഭാര്യ നിനിത കണിച്ചേരി പക്ഷെ വ്യക്തിപരമായ തീരുമാനത്തെയും താൽപര്യത്തേയും മാനിക്കുന്നു എന്നും പറഞ്ഞു. 'അച്ഛാ പൊളി, എത്രകാലമായി പറയുന്നു' എന്നായിരുന്നു മകളുടെ പ്രതികരണമെന്ന് എം ബി രാജേഷ് പറഞ്ഞു.