നിർമ്മാണം കഴിഞ്ഞ റോഡുകൾ വീണ്ടും പൊളിക്കുന്ന സ്ഥിതി ഇല്ലാതാക്കും: മന്ത്രി മുഹമ്മദ് റിയാസ്

തൃശൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കും

നിർമ്മാണം കഴിഞ്ഞ ഉടൻ റോഡുകൾ പൊളിക്കേണ്ടി വരുന്ന സ്ഥിതി വകുപ്പുകളുടെ ഏകോപനം വഴി ഇല്ലാതാക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തൃശൂർ രാമനിലയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. തൃശ്ശൂർ റൗണ്ടിനെ തെക്ക് വടക്ക് ഭാഗത്തേക്കുള്ള യാത്രയ്ക്ക് ആശ്രയിക്കേണ്ടി വരുന്നത് വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാക്കുന്നതെന്നും അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന്റെ കീഴിൽ ജില്ലയിലെ 946 കിലോമീറ്റർ റോഡുകളും ബിഎംബിസി നിലവാരത്തിൽ ഉയർത്തിയതായും ബി എം ആന്റ് ബി സി നിലവാരത്തിൽ റണ്ണിംഗ് കോൺട്രാക്ട് നടപ്പാക്കുന്നതിൽ ജില്ല സംസ്ഥാന ശരാശരിയേക്കാൾ മുകളിലാണെന്നും അദ്ദേഹം പറഞ്ഞു.

റോഡുകളുടെ പരിപാലന ചുമതലയുള്ള കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും വിശദാംശങ്ങൾ പ്രദർശിപ്പിക്കും. റോഡുകളുടെ കോൺട്രാക്റ്റ് കാലാവധിക്ക് ശേഷമുള്ള പരിപാലനത്തിന്റെ ചുമതലക്കാരുടെ വിവരങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കാൻ പ്രത്യേകം തയ്യാറാക്കുന്ന നീല നിറമുള്ള ബോർഡുകളിൽ പ്രദർശിപ്പിക്കും. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണിയും പരിപാലനവും ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പ് റണ്ണിഗ് കോൺട്രാക്ട് സമ്പ്രദായം കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച റണ്ണിങ് കോൺട്രാക്ട് സംവിധാനത്തിലൂടെ ജില്ലയിലെ 1333 കിലോമീറ്റർ റോഡുകൾക്ക് പരിപാലന ചുമതല ഉറപ്പുവരുത്താനായിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായി 24.36 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. ഡിഎൽപി, റണ്ണിങ് കോൺട്രാക്ടിൽ പരിപാലിപ്പിക്കുന്ന 1613 കിലോമീറ്റർ ദൂരം റോഡുകളും ജില്ലയിലുണ്ട്. കൂടാതെ റിന്യൂവൽ പ്രോഗ്രാമിൽ ഉൾപ്പെടുത്തി നാട്ടിക, കുന്നംകുളം, ഗുരുവായൂർ,ചേലക്കര, വടക്കാഞ്ചേരി, ഒല്ലൂർ, ചാലക്കുടി, വടക്കാഞ്ചേരി എന്നീ എട്ടു പദ്ധതികൾക്കായി 1435 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് അനുമതി കിട്ടിയ ജില്ലയിലെ രണ്ട് റോഡുകളിൽ ഓവർലേ, റെക്ടിഫിക്കേഷൻ പ്രവർത്തികൾക്കായി അടിയന്തരമായി 130 ലക്ഷം രൂപയും അനുവദിച്ചു.

Related Posts