ഭിന്നശേഷി ദിനത്തിൽ സുനീതി, ശ്രേഷ്ഠം പദ്ധതികൾ പ്രഖ്യാപിച്ച് മന്ത്രി ഡോ. ആർ ബിന്ദു

സുനീതി പോര്‍ട്ടല്‍ വഴി ഭിന്നശേഷി സഹായ പദ്ധതികള്‍ക്ക് അപേക്ഷിക്കാം; കലാ-കായിക അഭിരുചിയുള്ളവര്‍ക്ക് സാമ്പത്തിക സഹായം

തൃശൂര്‍: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്കായി രണ്ട് പുതിയ പദ്ധതികള്‍ കൂടി ആരംഭിച്ച് സാമൂഹിക നീതി വകുപ്പ്. തൃശൂര്‍ വികെഎന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഭിന്നശേഷി ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് സുനീതി, ശ്രേഷ്ഠം പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ സഹായ പദ്ധതികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ സംവിധാനമൊരുക്കുന്നതാണ് സുനീതി പോര്‍ട്ടല്‍. ഭിന്ന ശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തി നല്‍കുന്നതിന് പോര്‍ട്ടലിന്റെ സഹായത്തോടെ ഒരു ഗ്ലോബല്‍ മീറ്റ് സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കിടയിലെ കലാ-കായിക മേഖലകളില്‍ കഴിവും അഭിരുചിയുമുള്ളവരെ കണ്ടെത്തി അവര്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ശ്രേഷ്ഠം പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സമൂഹത്തിലെ നിരാലംബരായ ജനങ്ങളെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്ന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് തടസ്സരഹിതമായും ആത്മവിശ്വാസത്തോടെയും മുന്നോട്ടുപോവാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. പരിമിതികളെ സാധ്യതകളാക്കി മാറ്റാന്‍ സാധിക്കുമെന്നതിന്റെ മികച്ച ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ടെന്നും അവരെ മാതൃകയാക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. അതിനുള്ള സാമൂഹിക പിന്തുണ നല്‍കുകയാണ് സമൂഹത്തിന്റെ കര്‍ത്തവ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഭിന്നശേഷിക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള അവാര്‍ഡുകളും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. സഹായ ഉപകരണ പ്രദര്‍ശന പവലിയന്‍ ഉദ്ഘാടനവും ഭിന്നശേഷി അവകാശ നിയമം, സഹായ പദ്ധതികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനം എന്നിവയും മന്ത്രി നിര്‍വഹിച്ചു. ഭിന്നശേഷിക്കാരുടെ കലാ, സംഗീത പരിപാടികളും ദിനാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.

International Day of Persons with disabilities_R Bindu_01.jpg

International Day of Persons with disabilities_R Bindu_02.jpg

ചടങ്ങില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഓണ്‍ലൈനായി പങ്കെടുത്തു. പി ബാലചന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റര്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ റെജി ജോയ്, സംസ്ഥാന ഭിന്നശേഷി കമ്മീഷ്ണര്‍ എസ് എച്ച് പഞ്ചാപകേശന്‍, എംഡി ഇന്‍ ചാര്‍ജ് കെഎസ്എച്ച്പിഡബ്ല്യുസി എസ് ജലജ, എക്‌സിക്യൂട്ടീവ് ഇന്‍ ചാര്‍ജ് എന്‍ഐപിഎംആര്‍ ഡി ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ സ്വാഗതവും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ ജി രാഗപ്രിയ നന്ദിയും പറഞ്ഞു.

Related Posts