ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ആർ ബിന്ദു.

തിരുവനന്തപുരം:

സര്‍വ്വകലാശാല/കോളേജ് തലങ്ങളില്‍ ഓണ്‍ലൈന്‍ പഠന സംവിധാനം സമയബന്ധിതവും സാങ്കേതിക മികവോടും കൂടി നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഗവേണിംഗ് ബോഡി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍, ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് എന്നിവരുടെ സമിതി ഈ പദ്ധതിക്ക് നേതൃത്വം നല്‍കും. വിവിധ മേഖലകളിലെ അക്കാദമിക - സാങ്കേതിക വിധക്തരെ ഉള്‍പ്പെടുത്തി സമിതിയുടെ പ്രവര്‍ത്തനം വിപുലീകരിക്കും. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഗവേണിംഗ് ബോഡിയോഗം അംഗീകരിച്ചു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഫാക്കല്‍റ്റി ഡവലപ്പ്മെന്‍റ് സെന്‍റര്‍ നടത്തുന്ന ഓണ്‍ലൈന്‍ പഠന പരിശീലന പ്രോഗ്രാമുകള്‍ എല്ലാ വിഭാഗം അദ്ധ്യാപകര്‍ക്കും സൗജന്യമായി നല്‍കുവാനും യോഗം തീരുമാനിച്ചു. ട്രാന്‍ഡ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സര്‍വ്വകലാശാല കലോത്സവങ്ങളില്‍ പ്രത്യേക മത്സര വിഭാഗം രൂപീകരിക്കുന്നതിനായി യൂണിവേഴ്സിറ്റി കലോത്സവ മാനുവല്‍ പരിഷ്ക്കരിക്കാനുളള ശിപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.

കൊവിഡാനന്തര ഉന്നതവിദ്യാഭ്യാസ നയം, ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് പ്രൊഫ. പ്രഭാത് പഠ്നായ്ക് സമിതി റിപ്പോര്‍ട്ട് ഗവേഷകരുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് എന്നിവയും യോഗം അംഗീകരിച്ചു. 2019-20ലെ കൗണ്‍സില്‍ വാര്‍ഷിക റിപ്പോര്‍ട്ടും ആഡിറ്റ് ചെയ്ത കണക്കുകളും യോഗം അംഗീകരിച്ചു. ഗവേണിംഗ് ബോഡിയോഗത്തില്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍, ഡോ. രാജന്‍ വർഗീസ്, ഡോ. ബി. ഇക്ബാൽ, വൈസ്ചാന്‍സലര്‍മാരായ പ്രൊഫ. മഹാദേവന്‍ പിളള, ഡോ. രാജശ്രീ എം എസ്, പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, പ്രൊഫ. കെ സി സണ്ണി, ഡോ. എം കെ ജയരാജ്, ഡോ. ആർ ചന്ദ്രബാബു, ഡോ. ആർ ശശീന്ദ്രനാഥ്, ഡോ. കെ മോഹനൻ, ഡോ. പി എം മുബാറക്ക്, സഞ്ജയ് കൗള്‍ ഐ എ എസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ. ഫാത്തിമത്ത് സുഹറ, ഡോ.ജെ രാജന്‍, ഡോ. ആർ കെ സുരേഷ്കുമാര്‍, ഡോ. കെ കെ ദാമോദരന്‍, സത്യാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts