സഹകരണ ബാങ്കുകളിലെ നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ആർ ബിന്ദു
സഹകരണ ബാങ്കുകളിലെ നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. ആവശ്യമുള്ള സമയത്ത് പണം ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. ഇന്നലെ മരിച്ച ഫിലോമിനയ്ക്കും ആവശ്യമായ തുക നൽകിയതായി അറിഞ്ഞതായി മന്ത്രി പറഞ്ഞു. അതേസമയം, നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് മികച്ച ചികിത്സ ലഭിക്കാതെ വയോധിക മരിച്ച സംഭവത്തിൽ കരുവന്നൂർ ബാങ്കിനെതിരെ പ്രതിഷേധം ശക്തമാണ്. അതേസമയം കരുവന്നൂർ നിക്ഷേപം തിരികെ നൽകാൻ പ്രത്യേക പാക്കേജ് തയ്യാറാക്കിയതായി സഹകരണ മന്ത്രി വി എൻ വാസവൻ അറിയിച്ചു. നിക്ഷേപകയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. പാതയോരത്ത് മൃതദേഹം പ്രദർശനം നടത്തിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും നിക്ഷേപകർ ആശങ്കപ്പെടേണ്ടെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. നിക്ഷേപകയോട് അപമര്യാദയായി പെരുമാറിയ ബാങ്ക് ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി ആവശ്യപ്പെട്ടു. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് സമയബന്ധിതമായി ഡെപ്പോസിറ്റ് തുക ലഭിക്കാത്തതിനെ തുടർന്ന് ഫിലോമിന എന്ന രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രി വി എൻ വാസവന്‍റെ പ്രതികരണം.