വിവാദങ്ങൾ സമയം പാഴാക്കുന്നുവെന്ന് മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: വിവാദം സമയം പാഴാക്കുന്നുവെന്ന് മന്ത്രി ആർ ബിന്ദു. കാലാനുസൃതമായി ഉന്നതവിദ്യാഭ്യാസ മേഖലയെ പരിഷ്കരിക്കാനും മെച്ചപ്പെടുത്താനുമുള്ള അവസരമാണിത്. ഉന്നതവിദ്യാഭ്യാസത്തിന് സർക്കാർ മുൻഗണന നൽകുന്നു. എല്ലാവരും അതിനൊപ്പം ഉണ്ടാവണം. വിസിമാരുടെ രാജി സംബന്ധിച്ച് കോടതി അഭിപ്രായം അറിയിച്ചിട്ടുണ്ട്. തർക്കങ്ങളിൽ അഭിരമിക്കാൻ തൽക്കാലം ഇവിടെ സമയമില്ലെന്നും അവർ പറഞ്ഞു. ഗവർണറുടെ ആരോപണത്തിന് ശക്തമായ മറുപടിയും മന്ത്രി നൽകി. ലക്ഷ്മണ രേഖ ലംഘിച്ചില്ലായിരുന്നുവെങ്കിൽ ഇപ്പോഴും വീടിനുള്ളിൽ ഇരിക്കേണ്ടി വരുമായിരുന്നു. അവ ലംഘിച്ചതുകൊണ്ടാണ് ഇവിടെ നിൽക്കുന്നത്. 35 വർഷമായി പൊതുസേവനരംഗത്തുണ്ട്. പലരും ഇതിനെ വിമർശിച്ചിട്ടുണ്ട്. അതൊന്നും ഒരു പ്രശ്നമേയല്ല. ഗവർണറെപ്പോലുള്ള ഒരു മുതിർന്ന വ്യക്തി അങ്ങനെ പറയുമ്പോൾ, അതിനെല്ലാം മറുപടി പറയേണ്ട ആവശ്യമില്ലെന്നും അവർ പറഞ്ഞു. എല്ലാവരുമായും കൂടിയാലോചിച്ച് എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ഗവർണർ തന്‍റെ മുൻ നിലപാടിൽ അയവ് വരുത്തിയെന്നാണ് മനസ്സിലാക്കുന്നത്. ഏത് വിഷയത്തിലും കോൺഗ്രസിന് എന്നാണ് ഏകാഭിപ്രായം ഉണ്ടായിട്ടുള്ളതെന്ന് ചോദിച്ച മന്ത്രി, അവരുടെ പ്രശ്നവും അത് തന്നെയാണെന്ന് കുറ്റപ്പെടുത്തി.