കേരളത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കും: മന്ത്രി ആർ ബിന്ദു
തൃശൂർ: പരിഷ്കൃത രാജ്യങ്ങൾക്ക് സമാനമായി കേരളത്തെ മികച്ച ഭിന്നശേഷി സൗഹ്യദ സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സമൂഹത്തിലെ ഏറെ ദുരിതമനുഭവിക്കുന്ന ജനവിഭാഗമായ ഭിന്നശേഷി കുഞ്ഞുങ്ങളേയും അവരുടെ കുടുംബാംഗങ്ങളേയും ചേർത്തുപിടിക്കാനുള്ള കണ്ടാണശേരി പഞ്ചായത്തിലെ 'നക്ഷത്രകൂടാരം' ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സഹജീവനം പദ്ധതിയിലുടെ ഇത്തരം കുടുംബങ്ങൾക്ക് സർക്കാർ സഹായങ്ങൾ വാതിൽപടി സേവനമാക്കി പ്രത്യേക പരിഗണനയും, പിന്തുണയും നൽകി വരുന്നുണ്ട്. ബഡ്സ് ഹോം എന്ന പേരിൽ അസിസ്റ്റീവ് വില്ലേജുകൾ ജില്ലാ കേന്ദ്രങ്ങളിൽ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.
മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനായി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി വില്ല്യംസ് മുഖ്യാതിഥിയായി. ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ്കുമാർ പദ്ധതി വിശദീകരണം നടത്തി. ചൂണ്ടൽ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനിൽ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ വി വല്ലഭൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജി പ്രമോദ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എസ് ധനൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ എൻ എ ബാലചന്ദ്രൻ, ഷക്കീല ഷെമീർ, നിവ്യ റനീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ശാരി ശിവൻ, ആസൂത്രണ സമിതി ഉപാധ്യക്ഷ ഉഷ പ്രഭുകുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയൻ സ്വാഗതവും, സെക്രട്ടറി വി ലേഖ നന്ദിയും പറഞ്ഞു.