നാടിന്റെ വളർച്ചയിൽ സ്ത്രീകളുടെയും കുട്ടികളുടെയും പുരോഗതിക്ക് വലിയ പങ്ക്: മന്ത്രി കെ രാധാകൃഷ്ണൻ

ചേലക്കര: സമൂഹത്തിന്റെ വളർച്ചയെ അടയാളപ്പെടുത്തുന്നതിൽ സ്ത്രീകളുടെയും കുട്ടികളുടെയും പുരോഗതിക്ക് വലിയ പങ്കുണ്ടെന്ന് പട്ടികജാതി പട്ടികവർഗ വികസന ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. സ്ത്രീകൾ സ്വയം പര്യാപ്തരാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേലക്കര ഗ്രാമപഞ്ചായത്ത് കെട്ടിടത്തിൽ വനിതാ വികസന കോർപ്പറേഷന്റെ ഉപജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വനിതാ വികസന കോർപ്പറേഷന്റെ സേവനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചേലക്കര ഗ്രാമപഞ്ചായത്ത് കെട്ടിടത്തിൽ ഉപജില്ലാ ഓഫീസ് ആരംഭിച്ചത്. വനിതകളുടെ സമഗ്ര പുരോഗതി എന്ന ലക്ഷ്യത്തോടെ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകളുടെ ശാക്തീകരണത്തിനായി സ്ത്രീകൾ ആരംഭിക്കുന്ന സ്വയംതൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ച് അവരെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. അതിനായി ലളിതമായ വ്യവസ്ഥകളോടെ സ്വയം തൊഴിൽ വായ്പ, മൈക്രോഫിനാൻസ് വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവയും ലഭ്യമാക്കുന്നു.

ജാനകിറാം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ എസ് സലീഖ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വി നഫീസ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്റഫ് എന്നിവർ മുഖ്യാതിഥികളായി. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, കെ എസ് ഡബ്ല്യു ഡി സി മാനേജിംഗ് ഡയറക്ടർ വി സി ബിന്ദു, മേഖലാ മാനേജർ എം ആർ രംഗൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related Posts