കുറവൻകോണത്ത് യുവതി ആക്രമിക്കപ്പെട്ട കേസിൽ ഇടപെടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ കേസിൽ അറസ്റ്റിലായ മലയിൻകീഴ് സ്വദേശി സന്തോഷിനെ തന്റെ പിഎസിന്റെ ഡ്രൈവർ സ്ഥാനത്ത് നിന്ന് മാറ്റാൻ ആവശ്യപ്പെട്ടതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. സന്തോഷ് വാട്ടർ അതോറിട്ടിയിലെ കരാർ ജീവനക്കാരനാണ്. ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കേസിൽ ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു. മ്യൂസിയത്തിന് സമീപം പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടറെ ഉപദ്രവിച്ച കേസിലും ഇയാളുടെ പങ്ക് സംശയിക്കുന്നതിനാൽ ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇന്ന് തിരിച്ചറിയൽ പരേഡ് നടത്തി വനിതാ ഡോക്ടർ തിരിച്ചറിഞ്ഞാൽ സന്തോഷ് ഈ കേസിലും പ്രതിയാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഡോക്ടറെ ആക്രമിച്ച ആൾ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. തിരിച്ചറിയൽ പരേഡിനായി രാവിലെ 10 മണിക്ക് വനിതാ ഡോക്ടറോട് ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. വാട്ടർ അതോറിട്ടിയുടെ ഇന്നോവ കാറിലെ യാത്രയാണ് സന്തോഷിനെ കുടുക്കിയത്. ഈ ഇന്നോവ കാർ സിസിടിവിയിൽ തെളിവായി മാറി. കുറവൻകോണത്ത് ഈ കാറിലെത്തിയാണ് വീട്ടിൽ അതിക്രമിച്ചു കയറിയതെന്ന് സന്തോഷ് സമ്മതിച്ചു.