ടി പി ആര്‍ കുറഞ്ഞുവരുന്നു, വിദഗ്ധരുമായി ആലോചിച്ചതിന് ശേഷം അന്തിമതീരുമാനം
തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: തിയേറ്ററുകൾ തുറക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഇപ്പോൾ അനുകൂല സാഹചര്യമാണെന്നും മന്ത്രി സജി ചെറിയാൻ. സംസ്ഥാനത്ത് ടി പി ആർ കുറഞ്ഞുവരികയാണ് വാക്സിനേഷനും 90 ശതമാനത്തോളം ജനങ്ങളിലെത്തി കഴിഞ്ഞു. സംസ്ഥാനത്ത് സീരിയൽ സിനിമാ ചിത്രീകരണത്തിന് അനുമതിയുണ്ട്. മാത്രവുമല്ല കോളേജുകളും സ്കൂളുകളും തുറക്കാൻ ഒരുങ്ങുകയാണ്. അതുകൊണ്ടു തന്നെ തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് ആലോചിക്കാമെന്നാണ് സർക്കാറിന്റെ നിലപാട്. ആരോഗ്യ വിദഗ്ധരോടടക്കം കൂടിയാലോചിച്ചതിന് ശേഷമേ സർക്കാർ അന്തിമ തീരുമാനമെടുക്കൂ.
ആദ്യഘട്ട കൊവിഡ് വ്യാപനത്തിന് ശേഷം തിയേറ്ററുകൾ തുറന്ന് പ്രവർത്തിച്ചിരുന്നു. എന്നാൽ രണ്ടാം തംരംഗത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ വീണ്ടും അടക്കേണ്ട അവസ്ഥയായി. കൊവിഡ് വന്നതിന് ശേഷം തിയേറ്റർ ഉടമകൾ രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ മറികടക്കാൻ സർക്കാർ പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്ന് തിയേറ്റർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു.