നിയമസഭാ കയ്യാങ്കളി; മന്ത്രി ശിവൻകുട്ടിയും നേതാക്കളും ഇന്ന് കോടതിയിൽ ഹാജരാകും
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിലെ പ്രതികളായ മന്ത്രി വി ശിവൻകുട്ടിയും മറ്റ് സി പി എം നേതാക്കളും ബുധനാഴ്ച കോടതിയിൽ ഹാജരാകും. കേസ് പിൻവലിക്കണമെന്ന ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിനെ തുടർന്നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രതികൾക്ക് ഹാജരാകാൻ കർശന നിർദേശം നൽകിയത്. എൽ ഡി എഫ് കൺവീനർ ഇ പി.ജയരാജൻ, കെ ടി ജലീൽ എം എൽ എ, മുൻ എം എൽ എമാരായ കെ അജിത് കുമാർ, സി കെ സദാശിവൻ, കെ കുഞ്ഞമ്മദ് എന്നിവരാണ് മറ്റ് പ്രതികൾ. വിചാരണ തുടങ്ങുന്നതിന്‍റെ ആദ്യപടിയായി കുറ്റപത്രം ബുധനാഴ്ച പ്രതികൾക്ക് വായിച്ചു കേൾപ്പിക്കും. വിടുതൽ ഹർജി നിലനിൽക്കുന്നതിനാൽ അക്കാരണം ചൂണ്ടിക്കാട്ടി പ്രതികൾ നേരത്തെ കോടതിയിൽ ഹാജരായിരുന്നില്ല. സുപ്രീംകോടതിയും ഹൈക്കോടതിയും ഹര്‍ജി തള്ളിയശേഷം മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിച്ചപ്പോഴും ഹാജരാകാതിരുന്നതോടെയാണ് ബുധനാഴ്ച നിര്‍ബന്ധമായും ഹാജരാകണമെന്ന കര്‍ശനനിര്‍ദേശം നല്‍കിയത്. രാവിലെ 11 മണിക്ക് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ രേഖയാണ് കേസ് പരിഗണിക്കുന്നത്.