സ്കൂളുകൾ അടയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെ; മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍, സ്‌കൂളുകള്‍ അടയ്ക്കുന്നതു സംബന്ധിച്ച് നാളെ നടക്കുന്ന കൊവിഡ് അവലോകനയോഗത്തില്‍ തീരുമാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കൊവിഡ് കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ സ്‌കൂളുകളിലും ഓഫീസുകളിലും നിയന്ത്രണം വേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെടുന്നത്. തിങ്കളാഴ്ച ചേര്‍ന്ന അവലോകനയോഗത്തില്‍ സ്കൂളുകള്‍ അടയ്ക്കുക, വാരാന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ തീരുമാനിച്ചില്ല. പൊതുപരിപാടിയിൽ 150 പേരും സ്വകാര്യ ചടങ്ങുകളില്‍ പങ്കാളിത്തം 50 പേരുമായി ചുരുക്കുക മാത്രമാണ് ചെയ്തത്.
സാങ്കേതിക വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാകും തീരുമാനമെടുക്കുക. മുഴുവന്‍ ക്ലാസ്സുകള്‍ അടച്ചിടണോ, ഒന്നു മുതല്‍ യുപി വരെയുള്ള ക്ലാസ്സുകള്‍ അടച്ചിടണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. എസ് എസ് എല്‍ സി പരീക്ഷകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പത്താം ക്ലാസ് ഓഫ്‌ലൈനായിത്തന്നെ നടത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ കടുംപിടുത്തം വേണ്ടെന്നും, കൊവിഡ് സാഹചര്യം പരിഗണിച്ച് അവലോകനസമിതി തീരുമാനം അനുസരിച്ച് നീങ്ങാനുമാണ് ധാരണ. പ്രാക്ടിക്കല്‍ പരീക്ഷകളുടെ കാര്യവും അവലോകനയോഗത്തില്‍ ചര്‍ച്ചയാകും.
ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നതിനാല്‍ അടുത്ത രണ്ടാഴ്ച മുഖ്യമന്ത്രി സ്ഥലത്ത് ഇല്ലാത്തതു കൂടി പരിഗണിച്ചാണ് നാളെ അടിയന്തരമായി കൊവിഡ് അവലോകന യോഗം ചേരാന്‍ തീരുമാനിച്ചത്.