സംസ്ഥാനത്ത് അതിതീവ്ര കൊവിഡ് വ്യാപനം; മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ സ്ഥിതി വഷളാവും; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ അതിതീവ്ര വ്യാപനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ സ്ഥിതി വഷളാവുമെന്നും കൊവിഡ് പ്രതിരോധത്തിന് രാഷ്ട്രീയ കക്ഷി ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.
കഴിഞ്ഞ രണ്ടു തരംഗം ഉണ്ടായപ്പോഴും പീക്ക് താമസിപ്പിക്കുന്ന രീതിയാണ് അവലംബിച്ചത്. നിലവില്‍ ഡെല്‍റ്റ വകഭേദം പടര്‍ന്നതുവഴി ഉണ്ടായ രണ്ടാം കൊവിഡ് തരംഗം പൂര്‍ണമായി അവസാനിക്കുന്നതിന് മുന്‍പാണ് മൂന്നാം തരംഗം ഉണ്ടായത്. ഇപ്പോള്‍ സംസ്ഥാനത്ത് ഡെല്‍റ്റയും ഒമിക്രോണും പടരുന്നതായി വീണാ ജോര്‍ജ് പറഞ്ഞു.
ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കുറവാണ്. അതിനാല്‍ ഒമിക്രോണിനെ അവഗണിക്കാം എന്ന് കരുതരുത്. ഒമിക്രോണ്‍ വന്നുപോകട്ടെ എന്ന് ചിന്തിക്കുന്നതും തെറ്റാണ്. ഒമിക്രോണ്‍ നാചുറല്‍ വാക്സിനേഷനാണ് എന്ന തരത്തിലെല്ലാം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്കി.
കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ ഒമിക്രോണിലും കണ്ടുവരുന്നുണ്ട്. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളാണ് പൊതുവായി കണ്ടുവരുന്നത്. മറ്റു രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിനിടെ, മണവും രുചിയും കിട്ടുന്നുണ്ട് എന്ന് കരുതി കൊവിഡില്ല എന്ന് ഉറപ്പാക്കരുത്. ഒമിക്രോണ്‍ ബാധിച്ചവരില്‍ പലര്‍ക്കും മണവും രുചിയും നഷ്ടപ്പെടുന്നില്ല. കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും തയ്യാറാവണം. എന്‍ 95 മാസ്ക്, അല്ലെങ്കില്‍ ഡബിള്‍ മാസ്ക് നിര്‍ബന്ധമായി ധരിക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
ഡെല്‍റ്റയെ അപേക്ഷിച്ച് അഞ്ചിരട്ടി വ്യാപനശേഷിയാണ് ഒമിക്രോണിന്. കഴിഞ്ഞവര്‍ഷം ഏപ്രില്‍- മെയ് മാസങ്ങളിലാണ് സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം തീവ്രമായത്. അന്ന് ആര് ഫാക്ടര്‍ മൂന്നില്‍ താഴെയായിരുന്നു. ഇപ്പോള്‍ മൂന്നിന് മുകളിലാണ്. അതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.