'അട്ടപ്പാടിയിലെ ഗർഭിണികൾക്ക് പ്രത്യേകപദ്ധതി, നവജാതശിശുക്കൾക്ക് ഐസിയു'; മന്ത്രി വീണാ ജോർജ്
പാലക്കാട്: ചുരമിറങ്ങാതെ അട്ടപ്പാടിയിൽ തന്നെ ചികിത്സ ലഭ്യമാക്കുമെന്നതിന് അട്ടപ്പാടിയിലെ ഗർഭിണികൾക്കായി ആരോഗ്യ വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഹൈറിസ്ക്ക് വിഭാഗത്തിൽപ്പെട്ട ഗർഭിണികൾക്ക് വേണ്ടിയാണ് പ്രത്യേക പദ്ധതി തയ്യാറാക്കുക. നവജാത ശിശുക്കൾക്കുള്ള ഐസിയു ഉടൻ ആരംഭിക്കുകയും പീഡിയാട്രിഷ്യനെയും ഗൈ നക്കോളജിസ്റ്റിനെയും നിയമിക്കുകയും കോട്ടത്തറ ആശുപത്രിയെ കുറിച്ചുയർന്ന പരാതികളിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നും ഇന്ന് രാവിലെ ഊരുകളിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ ശേഷം മന്ത്രി പറഞ്ഞു.കോട്ടത്തറ ആശുപത്രി, ശിശുമരണം നടന്ന ഊരുകൾ എന്നിവിടങ്ങൾ സന്ദർശിച്ച മന്ത്രി, വിവരങ്ങൾ നേരിട്ട് ചോദിച്ച് മനസിലാക്കി.
അട്ടപ്പാടിയിൽ നവജാത ശിശു മരണം തുടർക്കഥയായ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് കണക്കെടുപ്പ് നടത്തിയ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗർഭസ്ഥ ശിശുവിന്റെ വളർച്ചക്കുറവ്, അരിവാൾ രോഗം, ഗർഭം അലസാൻ സാധ്യതയുള്ളവർ ഗർഭിണിയുടെ ഭാരക്കുറവ്, ജന്മനാ പ്രമേഹമുള്ളവർ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഗർഭിണികളെ ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇത്തരത്തിൽ കണക്കെടുപ്പ് പൂർത്തിയായപ്പോൾ ആകെയുള്ള 426 ഗർഭിണികളിൽ 245 പേരാണ് ഹൈറിസ്കിൽ ഉൾപ്പെട്ടിരിക്കുന്നത്. റിപ്പോർട്ടിൽ ആദിവാസികളുടെ സ്ഥിതിയാണ് കൂടുതൽ ഗുരുതരം.