ജില്ലാ മെഡിക്കൽ ഓഫീസുകളിൽ ഇ-ഓഫീസുകൾ സ്ഥാപിക്കും. ഘട്ടം ഘട്ടമായി ആരോഗ്യ വകുപ്പിനെ പൂർണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് കൊണ്ടുവരും.
ഇ-ഓഫീസ് സംവിധാനം വേഗത്തിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഇ-ഓഫീസ് സംവിധാന സേവനങ്ങൾ വേഗത്തിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇ-ഓഫീസ്, പഞ്ചിംഗ് സംവിധാനങ്ങൾ എന്നിവയിലൂടെ ആരോഗ്യവകുപ്പിന്‍റെ ദീർഘകാലമായുള്ള ആവശ്യമാണ് നിറവേറ്റിയത്. ഈ സൗകര്യങ്ങൾ ഒരുക്കുന്നതിനായി 86.39 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഡയറക്ടറേറ്റിൽ ഐടി സെൽ രൂപീകരിച്ച് ഐടി നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ ഒരു ടീം രൂപീകരിച്ചിട്ടുണ്ട്. നിരവധി തടസ്സങ്ങൾ നീക്കി ജീവനക്കാരുടെ പിന്തുണയോടെയാണ് ഇ-ഓഫീസും പഞ്ചിംഗ് സംവിധാനവും ഏർപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ ഇ-ഓഫീസിന്‍റെയും പഞ്ചിംഗ് സൗകര്യങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഏറ്റവും കൂടുതൽ ജീവനക്കാരുള്ള ഡയറക്ടറേറ്റുകളിലൊന്നാണ് ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത്. ജനങ്ങളുമായി അടുത്ത ബന്ധമുള്ള ഓഫീസാണിത്. ആരോഗ്യ ഡയറക്ടറേറ്റ് ഓൺലൈനിലേക്ക് നീങ്ങുമ്പോൾ അത് ആളുകൾക്കും ജീവനക്കാർക്കും ഒരുപോലെ സഹായകമാകും. ജില്ലാ മെഡിക്കൽ ഓഫീസുകളിൽ ഇ-ഓഫീസുകൾ സ്ഥാപിക്കും. ഘട്ടം ഘട്ടമായി ആരോഗ്യ വകുപ്പിനെ പൂർണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് കൊണ്ടുവരും. ജൂലൈ ആദ്യം മുതൽ ട്രയൽ റൺ നടത്തിയാണ് ഇ-ഓഫീസ് യാഥാർത്ഥ്യമാക്കിയത്. ഏകദേശം 1,300 ഓളം ഫയലുകൾ സ്കാൻ ചെയ്ത് ഇ-ഓഫീസിലേക്ക് മാറ്റി. 4 പഞ്ചിംഗ് മെഷീനുകൾ സ്ഥാപിച്ചു. ജീവനക്കാരുടെ രജിസ്ട്രേഷൻ ഒരാഴ്ചയായി നടക്കുകയാണ്. ബയോമെട്രിക് പഞ്ചിംഗിലെ കാലതാമസം ഒഴിവാക്കാൻ കെൽട്രോൺ വഴി ചിപ്പ് ഐഡി കാർഡ് നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.