ദുരിതബാധിതരെ നേരിൽ കണ്ട് മന്ത്രി, ആശ്വാസ തണലിൽ അമ്മമാർ
ദുരിതത്തിലും ആശ്വാസം പകരാനെത്തിയ മന്ത്രി മകനെ കണ്ട സന്തോഷത്തിലായിരുന്നു റോസമ്മ. തമ്പുരാട്ടിമൂല പാനം പറമ്പിൽ വീട്ടിൽ താമസിക്കുന്ന റോസമ്മയ്ക്ക് അരികിലേയ്ക്ക് അപ്രതീക്ഷിതമായാണ് മന്ത്രി കെ. രാജൻ എത്തിയത്. ചുഴലിക്കാറ്റിൽ വീട് ഭാഗികമായി തകർന്ന സങ്കടത്തിൽ ഇരിക്കുമ്പോഴാണ് ആശ്വാസ വാക്കുകളും കൈത്താങ്ങുമായി മന്ത്രി റോസമ്മയ്ക്ക് അരികിലെത്തിയത്. റോസമ്മയുടെ പ്രശ്നങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു. സ്വന്തം കിടപ്പാടത്തിന് പട്ടയം ലഭിക്കാത്ത വിവരം അമ്മ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. വില്ലേജ് ഓഫീസറോട് പട്ടയം ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദ്ദേശിച്ചു.
കിടപ്പ് രോഗിയായ മാക്കുട്ടത്തിൽ വീട്ടിൽ ജാനകിയമ്മയ്ക്കും മന്ത്രിയുടെ സന്ദർശനം ആശ്വാസമായി. ചുഴലിക്കാറ്റിനെ തുടർന്ന് ജനകിയമ്മയുടെ വീടിൻ്റെ മേൽക്കൂര പൂർണമായും തകർന്നിരുന്നു. പ്രശ്നങ്ങൾ നേരിൽ കണ്ട മന്ത്രി അടിയന്തര നടപടിയെടുക്കുമെന്ന് ജാനകിയമ്മയ്ക്ക് ഉറപ്പ് നൽകിയാണ് മടങ്ങിയത്. കൂടാതെ മുഖ്യമന്ത്രിയുടെ ചികിത്സാ സഹായ നിധിയിൽ നിന്ന് സഹായം ലഭിക്കുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
പുത്തൂർ പഞ്ചായത്തിൽ മിന്നൽ ചുഴലിക്കാറ്റ് നാശം വിതച്ച കൃഷിസ്ഥലങ്ങൾ, വീടുകൾ എന്നിവ മന്ത്രി സന്ദർശിച്ചു. പ്രദേശവാസികളുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ നേരിൽ കേട്ട മന്ത്രി ആവശ്യമായ എല്ലാ സഹായങ്ങളും നൽകാമെന്ന് ഉറപ്പ് നൽകിയാണ് മടങ്ങിയത്.
ആർഡിഒ പി എ വിഭൂഷൺ, എൽ എ ഡെപ്യൂട്ടി കലക്ടർ മധുസുദനൻ, തഹസിൽദാർ ടി ജയശ്രീ, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡണ്ട് കെ.ആർ രവി, പുത്തൂർ - കൈനിക്കര വില്ലേജ് ഓഫീസർമാർ, പൂത്തൂർ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, മെമ്പർമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.