മന്ത്രിമാരുടെ അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കാനാകില്ല: സുപ്രീം കോടതി
ന്യൂഡൽഹി: മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഭരണഘടനയിൽ പറയുന്നതിനേക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. പൊതുപ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളവെയാണ് സുപ്രീം കോടതിയുടെ പരാമർശം. ജസ്റ്റിസ് എസ് അബ്ദുൾ നസീർ അധ്യക്ഷനായ 5 അംഗ ഭരണഘടനാ ബെഞ്ചിന്‍റേതാണ് വിധി. മന്ത്രിയുടെ പ്രസ്താവന സർക്കാരിന്റെ അഭിപ്രായമല്ല. ബെഞ്ചിന്‍റെ ഭൂരിപക്ഷ വിധിക്ക് പുറമെ ജസ്റ്റിസ് വി നാഗരത്ന പ്രത്യേക വിധിയും പുറപ്പെടുവിച്ചു. വിദ്വേഷ പ്രസംഗങ്ങൾ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ ലംഘനമാണ്. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ പാർലമെന്‍റിൽ നിയമം കൊണ്ടുവരാം. രാഷ്ട്രീയ പാർട്ടികൾ അവരുടെ അംഗങ്ങൾക്കായി ഒരു പെരുമാറ്റച്ചട്ടം രൂപീകരിക്കുന്നത് പരിഗണിക്കണം. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കോടതിയെ സമീപിക്കാം.