ഷാംപെയ്ൻ പൊട്ടിച്ച് ടൊവിനോ; ആഘോഷത്തിമിർപ്പിൽ മിന്നൽ മുരളി ടീം
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രത്തിൻ്റെ അതിഗംഭീര വിജയം ആഘോഷമാക്കി മിന്നൽ മുരളി ടീം. അൽപം മുമ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ഷാംപെയ്ൻ പൊട്ടിക്കുന്ന ടൊവിനോ തോമസിനൊപ്പം സംവിധായകൻ ബേസിൽ ജോസഫും മറ്റ് അണിയറ പ്രവർത്തകരും ആഹ്ലാദത്തോടെ പങ്കുചേരുന്നു.
മാസങ്ങളുടെ പ്രയത്നമാണ് മധുരം പകരുന്ന വിജയം സമ്മാനിച്ചതെന്ന് ടൊവിനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മിന്നൽ മുരളിയെ നിറഞ്ഞ സ്നേഹവും പിന്തുണയും നൽകി ആഘോഷപൂർവം വരവേറ്റ പ്രേക്ഷകരോട് നന്ദിയും കടപ്പാടുമുണ്ട്. ഈ വിജയം ആഘോഷിക്കാനുളളതാണ്. അതിനൊരു പാർടിയാവാം.
"കുഗ്രാമമേ കണ്ടോളു നിൻ കാലത്തിനും മുന്നേ ഇവൻ, ആഭാസമോ ആർഭാടമോ ആരോപണം ആവോളമായി" എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം പശ്ചാത്തലമാക്കിയാണ് ആഘോഷ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.