മിന്നൽ മുരളി ട്രെയ്ലർ പുറത്ത്; രണ്ടുമണിക്കൂറിനുള്ളിൽ പതിനാല് ലക്ഷം പ്രേക്ഷകർ

ടൊവിനോ തോമസ് മിന്നൽ മുരളി എന്ന പവർഫുൾ കഥാപാത്രമായി വേഷമിടുന്ന ചിത്രത്തിൻ്റെ ട്രെയ്ലറിന് യൂ ട്യൂബിൽ വമ്പിച്ച സ്വീകരണം. പതിനാല് ലക്ഷത്തിലേറെപ്പേർ ട്രെയ്ലർ കണ്ടുകഴിഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ പത്തുലക്ഷം കാഴ്ചക്കാരെയാണ് ട്രെയ്ലറിന് ലഭിച്ചത്.

ടൊവിനോ, മാമുക്കോയ, ബൈജു സന്തോഷ് തുടങ്ങി നിരവധി താരങ്ങളെ ട്രെയ്ലറിൽ കാണാം. ഒരാൾക്ക് ഇടിമിന്നലേറ്റാൽ മെഗാവാട്ട് കണക്കിനാണ് പവർ അയാളുടെ ശരീരത്തിൽ കേറുന്നതെന്നും കാർഡിയാക് അറസ്റ്റ്, ലങ്ങ്സ് ഫെയ്ല്യർ, സ്പൈനൽ കോഡ് ഡാമേജ്, ശക്തമായ പൊള്ളൽ തുടങ്ങി ഒട്ടേറെ കുഴപ്പങ്ങൾ ഉണ്ടാകുമെന്നും ദൈവാധീനം കൊണ്ട് ഇതൊന്നും സംഭവിച്ചിട്ടില്ലെന്നും മാമുക്കോയയുടെ കഥാപാത്രം പറയുന്നുണ്ട്. മിന്നൽ മുരളിയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടിയാൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കാനോ പളളിയിൽ കൂട്ടമണി അടിക്കാനോ ആണ് ബൈജു സന്തോഷിൻ്റെ പൊലീസ് കഥാപാത്രം പറയുന്നത്. കുട്ടികൾ ഉൾപ്പെടെ എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന മാസ് എൻ്റർടെയ്നറാവും ചിത്രമെന്ന് ട്രെയ്ലറിൽനിന്ന് വ്യക്തമാണ്.

ടൊവിനോയുടെ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ബേസിൽ ജോസഫാണ് സംവിധായകൻ. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിൻ്റെ ബാനറിൽ സോഫിയാ പോളാണ് ചിത്രം നിർമിക്കുന്നത്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് തിരക്കഥ. സമീർ താഹിർ ഛായാഗ്രഹണവും ലിവിങ്ങ്സ്റ്റൺ മാത്യു എഡിറ്റിങ്ങും നിർവഹിക്കുന്നു. ഷാൻ റഹ്മാൻ, സുഷിൻ ശ്യാം എന്നിവരാണ് സംഗീതം.

തമിഴ്, തെലുഗ്, കന്നട, ഹിന്ദി ഭാഷകളിലേക്ക് സിനിമ ഡബ്ബ് ചെയ്യുന്നുണ്ട്. 2020-ൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന സിനിമ കൊവിഡ് മൂലമാണ് ഇത്രയും നീണ്ടുപോയത്. ഡിസംബർ 24-ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Related Posts