ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ കാണാൻ ജയിലിലെത്തി പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ

ഭട്ടിൻഡ: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയെ കാണാൻ ശ്രമിച്ചു. മാർച്ച് 16 ബുധനാഴ്ചയാണ് സംഭവം നടന്നത്. ഭട്ടിൻഡ സെൻട്രൽ ജയിലിൽ ലോറൻസ് ബിഷ്ണോയിയെ കാണാനാണ് ഇരുവരും എത്തിയതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു. ഇരുവരും ജയിലിന് മുന്നിലെത്തി സെൽഫിയെടുക്കാൻ ശ്രമിച്ചു. ഉടൻ തന്നെ ജയിൽ അധികൃതർ ഇരുവരെയും ജില്ലാ ശിശു സംരക്ഷണ വകുപ്പിന് കൈമാറി. രണ്ട് പെൺകുട്ടികളും ജാർഖണ്ഡ് സ്വദേശികളാണ്. സുഹൃത്തുക്കൾക്ക് കാണിച്ചുകൊടുക്കാനാണ് ഇരുവരും ജയിലിന് പുറത്ത് നിന്ന് സെൽഫിയെടുത്തത്.  "ജയിലിൽ എത്തുന്നതിന് മുമ്പ് ഇരുവരും ഭട്ടിൻഡ റെയിൽവേ സ്റ്റേഷനിൽ ഒരു രാത്രി ചെലവഴിച്ചു. പെൺകുട്ടികളെ ചോദ്യം ചെയ്തപ്പോൾ ഇരുവരും ജയിലിന് പുറത്ത് നിന്ന് സെൽഫിയെടുത്തത് സുഹൃത്തുക്കളെ കാണിക്കുന്നതിന് വേണ്ടിയാണ് എന്ന് മനസിലായി. മാത്രമല്ല, ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയെ സോഷ്യൽ മീഡിയയിലൂടെ ഇരുവരും അറിയുകയും ഇവരിൽ സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ട്. ബിഷ്ണോയിയെ ഭട്ടിൻഡ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്," ഭട്ടിൻഡയിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്‍റ് ഓഫീസർ രവ്നീത് കൗർ സിദ്ദു പറഞ്ഞു.  കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും 2 പേരെയും വൈദ്യപരിശോധനയ്ക്ക് ശേഷം സാഫി സെന്‍ററിലേക്ക് അയച്ചതായും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഗുർപ്രീത് സിംഗ് പറഞ്ഞു. "മുഴുവൻ സംഭവവും ഞങ്ങൾ അന്വേഷിക്കുകയാണ്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളുടെ കുടുംബാംഗങ്ങളെ വിളിപ്പിച്ചിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇരുവരെയും സാഫി സെന്‍ററിലേക്ക് അയച്ചു. അന്വേഷണത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കും" അദ്ദേഹം പറഞ്ഞു.

Related Posts