ഉത്തര കൊറിയൻ മിസൈൽ പരീക്ഷണം ലോകത്തിന് ഭീഷണിയെന്ന് പെന്റഗൺ

ഉത്തര കൊറിയയുടെ പുതിയ മിസൈൽ പരീക്ഷണം അതിൻ്റെ അയൽക്കാർക്കു മാത്രമല്ല, ലോകത്തിനു തന്നെ ഭീഷണി ഉയർത്തുന്നതായി പെൻ്റഗൺ.
അയൽക്കാർക്കും അന്താരാഷ്ട്ര സമൂഹത്തിനും തുടർച്ചയായ ഭീഷണി ഉയർത്തുന്ന മിസൈൽ പരീക്ഷണങ്ങളിലാണ് ഉത്തര കൊറിയ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് യുഎസ് ഇന്തോ-പസഫിക് കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു.

രാജ്യം ഒരു പുതിയ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷിച്ചുവെന്ന ഉത്തര കൊറിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു പെൻ്റഗൺ.
1,500 കിലോമീറ്റർ (ഏകദേശം 930 മൈൽ) ഉത്തര കൊറിയയ്ക്കും അതിന്റെ സമുദ്രാതിർത്തിക്കും മുകളിലൂടെ സഞ്ചരിച്ച് മിസൈൽ അതിൻ്റെ ലക്ഷ്യത്തിലെത്തിയതായി ഔദ്യോഗിക കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ടു ചെയ്തു. മിസൈൽ പരീക്ഷണത്തെ തന്ത്ര പ്രധാനമായ ആയുധ പരീക്ഷണമെന്ന് വിശേഷിപ്പിച്ച ഉത്തര കൊറിയ, രാജ്യത്തിൻ്റെ ശത്രുക്കൾക്കെതിരെ ഫലപ്രദമായ മറ്റൊരു പ്രതിരോധം കൂടി വിജയകരമായി വികസിപ്പിച്ചതായി അവകാശപ്പെട്ടു.

ആണവായുധങ്ങൾക്കും ബാലിസ്റ്റിക് മിസൈൽ പരിപാടികൾക്കുമെതിരെയുളള അമേരിക്കയുടെ അന്താരാഷ്ട്ര ഉപരോധം നേരിടുന്നതിനിടയിലാണ് ഉത്തര കൊറിയ പുതിയ പരീക്ഷണം നടത്തിയിരിക്കുന്നത്.

Related Posts