നേപ്പാളില്‍ കാണാതായ വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി; വിമാനത്തിലെ 22 യാത്രക്കാരും മരിച്ചു
നേപ്പാളില്‍ ഇന്ത്യക്കാരായ നാലംഗ കുടുംബം ഉള്‍പ്പെടെ 22 പേരുമായി യാത്രാമധ്യേ കാണാതായ വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി. നേപ്പാളിലെ പര്‍വത മേഖലയിലാണ് വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തിയിട്ടുള്ളത്. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഞായറാഴ്ച രാത്രി നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം ഇന്നു രാവിലെ പുനരാരംഭിച്ചപ്പോഴാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ വിമാനം അപ്രത്യക്ഷമായതിനു പിന്നാലെ തെരച്ചിലിനു പോയ ഹെലികോപ്റ്റര്‍ മോശമായ കാലാവസ്ഥ കാരണം തെരച്ചില്‍ അവസാനിപ്പിച്ചു മടങ്ങിയിരുന്നു. ഇന്നലെ രാവിലെ 9.55ന് നേപ്പാളിലെ ടൂറിസ്റ്റ് നഗരമായ പൊഖാറയില്‍ നിന്ന് ജോംസോമിലേക്ക് പറന്ന താര എയര്‍ വിമാനമാണ് 15 മിനിറ്റുകള്‍ക്ക് ശേഷം കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. സനോസര്‍ എന്ന പ്രദേശത്താണ് വിമാനം തകര്‍ന്ന് വീണത്. നേപ്പാള്‍ ആര്‍മിയുടെ നേതൃത്വത്തില്‍ അല്‍പ്പം മുമ്പാണ് രക്ഷാ പ്രവര്‍ത്തനം പുനരാരംഭിച്ചത്. ഈ സ്ഥലം കൃത്യമായി ലൊക്കേറ്റ് ചെയ്ത ശേഷം കാല്‍നടയായി ഒരു സംഘവും വ്യോമ മാര്‍ഗം ഒരു സംഘവും പ്രദേശത്തേക്ക് എത്തുകയായിരുന്നു. അവര്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.