തിരച്ചിലിനൊടുവിൽ ഓസ്‌ട്രേലിയയിൽ നഷ്ടപ്പെട്ട റേഡിയോ ആക്ടീവ് കാപ്സ്യൂൾ കണ്ടെത്തി

സിഡ്‌നി: ഓസ്ട്രേലിയയിൽ നഷ്ടപ്പെട്ട റേഡിയോ ആക്ടീവ് വസ്തുക്കൾ അടങ്ങിയ കാപ്സ്യൂൾ കണ്ടെത്തി. ഇരുമ്പയിർ സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് ഐസോടോപ്പായ സീസിയം-137 അടങ്ങിയ കാപ്സ്യൂളാണിത്. ലോഹ ഖനന കമ്പനിയായ റിയോ ടിന്‍റോ ഗ്രൂപ്പിന്റെ ചരക്ക് നീക്കത്തിനിടെയാണ് ക്യാപ്സ്യൂൾ നഷ്ടപ്പെട്ടത്. ജനുവരി 12 ന് ഖനിയിൽ നിന്ന് പെർത്തിലെ റേഡിയേഷൻ സ്റ്റോറേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ക്യാപ്സ്യൂൾ നഷ്ടപ്പെട്ടത്. കണ്ടെയ്നർ ജനുവരി 16 നു പെർത്തിൽ എത്തിയെങ്കിലും ജനുവരി 25 നു തുറന്നപ്പോൾ കാപ്സ്യൂൾ കാണാനില്ലെന്ന് കണ്ടെത്തി. യാത്രയ്ക്കിടെയുണ്ടായ പ്രകമ്പനം കാരണം കാപ്സ്യൂൾ സൂക്ഷിച്ചിരുന്ന ബോക്സിന്‍റെ ബോൾട്ട് ഇളകി കാപ്സ്യൂൾ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. പൊതുജനങ്ങൾക്ക് കാര്യമായ ഭീഷണി ഉയർത്തുന്നില്ലെങ്കിലും, ഈ പദാർത്ഥവുമായി സമ്പർക്കം പുലർത്തുന്നത് റേഡിയേഷൻ മൂലമുണ്ടാകുന്ന പൊള്ളലുകൾക്കും അത് മൂലമുണ്ടാകുന്ന രോഗങ്ങൾക്കും കാരണമാകുമെന്നതിനാൽ തിരച്ചിൽ ശക്തമാക്കിയിരുന്നു. ദൂരമേറിയ പാതയായതിനാൽ അത് എവിടെയാണ് നഷ്ടപ്പെട്ടതെന്ന് കണ്ടെത്തുന്നത് ഒരു വെല്ലുവിളി നിറഞ്ഞ പ്രക്രിയയായിരുന്നു. റേഡിയേഷൻ ഡിറ്റക്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് വിവിധ ഏജൻസികളുടെ സഹായത്തോടെ തിരച്ചിൽ നടത്തിയത്.

Related Posts