ഉച്ചഭക്ഷണ ഗുണനിലവാരം ഉറപ്പാക്കാൻ സ്കൂളുകളിൽ എംഎൽഎയുടെ സന്ദർശനം
കൈപ്പമംഗലം: വിദ്യാർത്ഥിക്ക് ഭക്ഷ്യവിഷബാധ ബാധിച്ചതിനെ തുടർന്ന് പൊതു വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ ഗുണനിലവാരം ഉറപ്പുവരുത്താൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ കയ്പമംഗലം മണ്ഡലത്തിലെ സ്കൂളുകളിൽ സന്ദർശനം നടത്തി ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ വെമ്പല്ലൂർ ജി എഫ് എൽ പി സ്കൂളിലും കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ ജി എൽ പി കൂരിക്കുഴി സ്കൂളിലുമാണ് ജനപ്രതിനിധികളോടൊപ്പം എം എൽ എ പരിശോധന നടത്തിയത്.
അടുക്കളയും പാചക തൊഴിലാളികളും ശുചിത്വം പാലിച്ചതായി സംഘം വിലയിരുത്തി. തുടർ പ്രവർത്തനങ്ങളിൽ വീഴ്ച്ച വരാതെ മുന്നോട്ട് പോകാൻ ജാഗ്രത പാലിക്കണമെന്നും പോരായ്മകൾ ഉണ്ടെങ്കിൽ ഉടൻ പരിഹരിക്കണമെന്നും എം എൽ എ നിർദ്ദേശിച്ചു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ സുനിൽരാജ്, മതിലകം ബ്ലോക്ക് മെമ്പർ, കയ്പമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദേവിക ദാസൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പ്രകാശിനി മുല്ലശ്ശേരി, സൈനുൽ ആബിദ് തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.