ദേവികുളം മണ്ഡലം രാജേന്ദ്രൻ്റെ കുടുംബ സ്വത്തല്ല; എസ് രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എം എം മണി വീണ്ടും

പാർടിയിൽ നിന്ന് പുറത്താക്കപ്പെടും എന്ന അഭ്യൂഹങ്ങൾക്കിടെ ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് എതിരെ രൂക്ഷ വിമർശനവുമായി എം എം മണി വീണ്ടും രംഗത്തെത്തി. രാജേന്ദ്രൻ തന്നെ മാത്രം ലക്ഷ്യം വെയ്ക്കുന്നത് എന്തിനെന്ന് സമയമാകുമ്പോൾ പറയാം.

ദേവികുളത്ത് പാർടി മറ്റൊരു സ്ഥാനാർഥിയെ നിർത്തിയപ്പോൾ അയാളെ ജയിപ്പിക്കാനുള്ള പണി രാജേന്ദ്രൻ ചെയ്യണമായിരുന്നു. എന്നാൽ സ്ഥാനാർഥിയെ തോൽപ്പിക്കാനാണ് രാജേന്ദ്രൻ ശ്രമിച്ചത്. ദേവികുളം മണ്ഡലം രാജേന്ദ്രൻ്റെ കുടുംബ സ്വത്തല്ല. ഉടുമ്പൻ ചോല മണ്ഡലം എം എം മണിയുടെയോ പിതാവ് മാധവൻ്റെയോ കുടുംബ സ്വത്തുമല്ല. അടുത്ത സ്ഥാനാർഥിയെ നിർത്തിയപ്പോൾ അയാള് മാറി നിൽക്കേണ്ടതാണ്. സ്ഥാനാർഥിയെ ജയിപ്പിക്കേണ്ട പണി അയാൾ ചെയ്യേണ്ടതാണ്. അത് ചെയ്തില്ല എന്നുള്ളതാണ് അയാൾക്കെതിരെയുള്ള ചാർജ്.

പാർടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ രാജേന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ടെന്ന് മണി തുറന്നടിച്ചു. അതെല്ലാം പാർടിയുടെ ജില്ലാ കമ്മിറ്റിക്കു മുന്നിൽ വ്യക്തമായിരിക്കുന്ന കാര്യങ്ങളാണ്. അയാൾ കഴിഞ്ഞ ദിവസം പറയുന്നത് കേട്ടു. എന്നെ പേടിച്ചാണ് സമ്മേളനത്തിന് വരാതിരുന്നതെന്ന്. അയാൾ ആണായിരുന്നേൽ സമ്മേളനത്തിന് വന്ന് ശാപ്പാടും കഴിച്ച് പറയാനുള്ളത് പറഞ്ഞ് പോകണമായിരുന്നു.

Related Posts